Connect with us

Ongoing News

പ്രവാസികള്‍ക്ക് ആശ്വാസമായി അബൂദബിയില്‍ നിന്നും ഗൊ ഫസ്റ്റ് വിമാന സര്‍വീസ്; ജൂണ്‍ 28 മുതല്‍ ആരംഭിക്കും

നിലവില്‍ ആഴ്ചയില്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെങ്കിലും ഭാവിയില്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കി വര്‍ധിപ്പിക്കും.

Published

|

Last Updated

അബൂദബി | പ്രതിസന്ധികള്‍ക്കിടയില്‍ പ്രവാസികള്‍ക്ക് ആശ്വാസമായി അബൂദബിയില്‍ നിന്നും പുതിയ വിമാന സര്‍വീസ്. കൊച്ചിയിലേക്കുള്ള ഗൊ ഫസ്റ്റ് (ഗൊ എയര്‍) വിമാനം ജൂണ്‍ 28 മുതല്‍ പറന്നുയരും. മധ്യവേനലവധിക്ക് യു എ ഇയില്‍ സ്‌കൂള്‍ അടയ്ക്കുന്നതോടെ നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് കിട്ടാതെ ബുദ്ധിമുട്ടുന്ന യു എ ഇ മലയാളികള്‍ക്ക് അല്‍പം ആശ്വാസമാകുകയാണ് ഗോ ഫസ്റ്റ് വിമാന സര്‍വീസ്. നിലവില്‍ ആഴ്ചയില്‍ ചൊവ്വ, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് സര്‍വീസ് നടത്തുന്നതെങ്കിലും ഭാവിയില്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കി വര്‍ധിപ്പിക്കും. കൊച്ചിയില്‍ നിന്ന് ഇന്ത്യന്‍ സമയം രാത്രി 8.10ന് പുറപ്പെടുന്ന വിമാനം രാത്രി 10.40ന് അബൂദബിയിലെത്തും. തിരിച്ച് രാത്രി 11.40ന് പുറപ്പെട്ട് പുലര്‍ച്ചെ 5.15ന് കൊച്ചിയിലെത്തും വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.

ഉദ്ഘാടനത്തോടനുബന്ധിച്ച് നിരക്കിളവും ഗോ ഫസ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10 ശതമാനം യാത്രക്കാര്‍ക്ക് വണ്‍വേക്ക് 577 ദിര്‍ഹമും മടക്ക യാത്രക്ക് 1250 ദിര്‍ഹമുമാണ് നിരക്ക്. ഒരു യാത്രക്കാരന് 30 കിലോ ലഗേജും ഏഴ് കിലോ ഹാന്‍ഡ് ലഗേജും അനുവദിക്കും.

നിലവില്‍ അബൂദബി, ദുബൈ എന്നിവിടങ്ങളില്‍ നിന്നും കണ്ണൂരിലേക്ക് പ്രതിദിന സര്‍വീസും അബൂദബിയില്‍ നിന്ന് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും ആഴ്ചയില്‍ നാല് സര്‍വീസും ഗോ ഫസ്റ്റ് നടത്തുന്നുണ്ട്. മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഇന്ത്യയിലെ എല്ലാ സെക്ടറുകളിലേക്കും ഗോ ഫെസ്റ്റിന് കണക്ഷന്‍ വിമാനങ്ങളും ലഭിക്കും.