Business
ഗോ ഫസ്റ്റ് എല്ലാ ഫ്‌ളൈറ്റ് സര്‍വീസുകളും മെയ് 12 വരെ റദ്ദാക്കി
മെയ് 15 വരെ ഗോ ഫസ്റ്റ് എയര്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി| സാമ്പത്തിക പ്രതിസന്ധി തുടരുന്ന ഗോ ഫസ്റ്റ് എയര്‍ലൈന്‍ എല്ലാ ഫ്‌ളൈറ്റുകളുടെയും സര്‍വീസുകള്‍ റദ്ദാക്കല്‍ മെയ് 12 വരെ നീട്ടി. ഫ്ളൈറ്റ് റദ്ദാക്കിയതിനാല്‍ യാത്രാ തടസ്സം നേരിട്ട യാത്രക്കാര്‍ക്ക് മുഴുവന്‍ പണവും നല്‍കുമെന്ന് എയര്‍ലൈന്‍ ട്വീറ്റ് ചെയ്തു. ആദ്യം മെയ് 3 മുതല്‍ മൂന്ന് ദിവസത്തേക്കാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നത്. പിന്നീട് മെയ് 9 വരെ ഫ്‌ളൈറ്റുകള്‍ റദ്ദാക്കുകയായിരുന്നു. ശേഷം റദ്ദാക്കല്‍ മെയ് 12 വരെ നീട്ടി.
മെയ് 15 വരെ ഗോ ഫസ്റ്റ് എയര്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന നിര്‍ത്തിവച്ചതായും റദ്ദാക്കിയ വിമാനങ്ങളുടെ ടിക്കറ്റ് പണം തിരികെ നല്‍കാനും ആവശ്യപ്പെട്ടതായും വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു.
നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന് (എന്‍സിഎല്‍ടി) മുമ്പാകെ ഗോ ഫസ്റ്റ് എയര്‍ലൈന്‍ പാപ്പര്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. 2019 ന് ശേഷമുണ്ടായ ആദ്യത്തെ വലിയ എയര്‍ലൈന്‍ തകര്‍ച്ചയാണ് ഗോ ഫസ്റ്റ് നേരിടുന്നത്.