Connect with us

Poem

കാട് നാട്ടിലേക്കിറങ്ങുന്നത്

നൊമ്പരപ്പുഴകൾ കരകവിയുമ്പോൾ മാത്രം ഉണർന്നെണീക്കുന്ന ചിന്തകളിലപ്പോൾ കുറ്റബോധത്തിന്റെ മുൾവേലികൾ തകർത്ത് കാട് പൂത്തുതുടങ്ങും.

Published

|

Last Updated

തിവുതെറ്റാതെയെത്തുന്ന
ദിനാചരണങ്ങളിലെ
സ്നേഹപ്പെയ്ത്തിലാണ്,
സമൃദ്ധിയുടെ
സകലമാനസീമകളും
സ്വപ്‌നങ്ങളുടെ
പടവുകൾ കയറുക.

അന്നേദിവസത്തെ
സൂര്യാസ്തമയത്തിനുമുമ്പേ
പ്രദർശനങ്ങൾ
പര്യവസാനിക്കുമ്പോൾ
പടികയറിപ്പോയ സ്വപ്‌നങ്ങൾ
ആയുസ്സ് മടക്കിവെച്ച്
തിരിച്ചിറങ്ങും.

കടലെടുത്ത കരപോലെ,
കൈകടത്തലുകളിൽ
കണ്ണീരണിയുമ്പോഴും
കരുതിക്കൂട്ടിയവർ
കണ്ടില്ലെന്നുനടിച്ചതൊരു
കനലായി ഉള്ളിലാർത്തുപെയ്യും.
ദുരന്തചിത്രങ്ങൾ
പെരുമഴയായി
പെയ്തിറങ്ങുമ്പോൾ മാത്രം
കാട് നാട്ടിലേക്കിറങ്ങും,
വർത്തമാനങ്ങൾക്കിടയിൽക്കിടന്ന്
വീർപ്പുമുട്ടും.

നൊമ്പരപ്പുഴകൾ
കരകവിയുമ്പോൾ മാത്രം
ഉണർന്നെണീക്കുന്ന
ചിന്തകളിലപ്പോൾ
കുറ്റബോധത്തിന്റെ
മുൾവേലികൾ തകർത്ത്
കാട് പൂത്തുതുടങ്ങും.

നിറഞ്ഞുകവിയാൻ
കാത്തുനിൽക്കാതെ,
കരുതലോടെ കാത്തീടുകിൽ
കടപുഴകിവീഴാതെ
കാടിന്റെ തണുപ്പിലേക്കിറങ്ങിനടക്കാൻ
നമുക്കെത്രയോ എളുപ്പമാണ്.

Latest