Kerala
ഗോകുലം ഗോപാലന് വീണ്ടും ഇ ഡി നോട്ടീസ്; 22ന് ചോദ്യം ചെയ്യലിന് ഹാജരാകണം
ഇന്നലെ ഗോകുലം ഗോപാലനെ ആറ് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.

കൊച്ചി | വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലന് വീണ്ടും നോട്ടീസ് നല്‍കി ഇ ഡി. ഈ മാസം 22ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി നോട്ടീസിലെ നിര്‍ദേശം. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇഡി നോട്ടീസില്‍ വ്യക്തമാക്കി.
ഇന്നലെ ഗോകുലം ഗോപാലനെ ആറ് മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും അദ്ദേഹത്തിന്റെ മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്.595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തി. എന്നാല്‍ കൂടുതല്‍ തുകയില്‍ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
ഗുജറാത്ത് കലാപത്തില്‍ സംഘ്പരിവാര്‍ നടത്തിയ കൊടും ക്രൂരതകളെ പ്രതിപാദിച്ച ‘എമ്പുരാന്‍’ സിനിമ നിര്‍മിച്ചതില്‍ മുഖ്യ പങ്കാളിയാണ് ഗോകുലം ഗ്രൂപ്പ്.എംമ്പുരാന്‍ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ നിരവധി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. സംഘപരിവാറിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 24 ഇടങ്ങളില്‍ സിനിമ സെന്‍സര്‍ ചെയ്തിരുന്നു.തിയേറ്ററുകളില്‍ എമ്പുരാന്‍ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അതിന്റെ നിര്‍മാണ പങ്കാളിയായ ഗോകുലം ഗോപാലനെ തേടി കേന്ദ്ര ഏജന്‍സി എത്തിയത്.