Kerala
ഫെമ കേസില്‍ ഗോകുലം ഗോപാലനെ കൊച്ചിയിലെ ഇഡി ഓഫീസിലേക്ക് വിളിച്ചുവരുത്തി; വീണ്ടും മൊഴിയെടുപ്പ്
കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് പ്രാഥമിക മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.

കൊച്ചി|ഫെമ കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തി. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കുന്നത്. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുളള ചിട്ടി സ്ഥാപനം വഴി 600 കോടിയോളം രൂപയുടെ വിദേശ നാണയ വിനിമയച്ചട്ടങ്ങളുടെ ലംഘനം നടന്നതായി ഇ ഡി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചെന്നൈയിലെ കേന്ദ്ര ഓഫീസില്‍ നിന്ന് ഒന്നരക്കോടി രൂപയും പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വെച്ച് പ്രാഥമിക മൊഴിയെടുക്കലും പൂര്‍ത്തിയായിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഇഡി കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
ഗോകുലം ഗ്രൂപ്പ് ആര്‍ബിഐ, ഫെമ ചട്ടങ്ങള്‍ ലംഘിച്ചു, ചട്ടം ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചു, 592.54 കോടി രൂപ വിദേശ ഫണ്ട് സ്വീകരിച്ചതായും ഇഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഗോകുലം ഗോപാലന്റെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് ചെന്നൈയിലും കോഴിക്കോട്ടുമടക്കം അഞ്ചിടങ്ങളില്‍ പരിശോധന ആരംഭിച്ചത്. ചെന്നൈയിലെ ഓഫീസ്, വീട് കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫീസ്, ഗോകുലം മാള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തിയിരുന്നു. പി എം എല്‍ എ ലംഘനം, വിദേശ നാണയ വിനമയ ചട്ടങ്ങളുടെ ലംഘനം എന്നിവയുടെ പേരിലായിരുന്നു ഇഡി പരിശോധന.