Ongoing News
ഗോകുലം പൊരുതി വീണു
ഒന്നാം സ്ഥാനക്കാരായ മുഹമ്മദൻസ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോകുലത്തെ വീഴ്ത്തിയത്
കോഴിക്കോട് | ഐ ലീഗിലെ കരുത്തരുടെ പോരാട്ടത്തിൽ ഗോകുലം കേരള എഫ് സിക്ക് തോൽവി. ഒന്നാം സ്ഥാനക്കാരായ മുഹമ്മദൻസ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഗോകുലത്തെ വീഴ്ത്തിയത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ അവസാന നിമിഷം ഡേവിഡ് ലാലൻസംഗയാണ് വിജയഗോൾ നേടിയത്.
രണ്ട് ഗോളിന് പിന്നിലായ ഗോകുലം രണ്ട് ഗോൾ തിരിച്ചടിച്ച് സമനില നേടിയ ശേഷമാണ് മത്സരം കൈവിട്ടത്. 16ാം മിനുട്ടിൽ എഡ്ഡി ഹെർണാണ്ടസിലൂടെ മുഹമ്മദൻസ് മുന്നിലെത്തി. 23ാം മിനുട്ടിൽ അലക്‌സിസ് ഗോമസും സന്ദർശകർക്കായി സ്കോർ ചെയ്തു. 45+1ാം മിനുട്ടിൽ പി എൻ നൗഫലും 65ാം മിനുട്ടിൽ നിധിൻ കൃഷ്ണയും ഗോകുലത്തിനായി വലകുലുക്കിയതോടെ മത്സരം ആവേശമായി. ഒടുവിൽ 90+7ാം മിനുട്ടിൽ ലാലൻസംഗയുടെ വിജയ ഗോളെത്തി.
17 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള മുഹമ്മദൻസ് കിരീടപ്രതീക്ഷ സജീവമാക്കി. 18 മത്സരങ്ങളിൽ 32 പോയിന്റുള്ള ഗോകുലം മൂന്നാം സ്ഥാനത്താണ്. ഒരു പോയിന്റ്അധികമുള്ള ശ്രീനിധി ഡെക്കാൻ ആണ് രണ്ടാമത്. ഈ മാസം പത്തിന് കോഴിക്കോട്ട്, റിയൽ കശ്മീരിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.