Kerala
കരിപ്പൂരിൽ ഒരാഴ്ചക്കിടെ പിടികൂടിയത് ഒന്നേമുക്കാൽ കോടിയിലധികം രൂപയുടെ സ്വർണവും വിദേശ കറൻസികളും
1.52 കോടി രൂപ മൂല്യം വരുന്ന 2.13 കിലോ സ്വർണവും 30 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികളും 9.75 ലക്ഷം രൂപക്കുള്ള സിഗരറ്റുകളും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.

കൊണ്ടോട്ടി | കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ആറ് ദിവസത്തിനിടെ 1.52 കോടി രൂപ മൂല്യം വരുന്ന 2.13 കിലോ സ്വർണവും 30 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികളും 9.75 ലക്ഷം രൂപക്കുള്ള സിഗരറ്റുകളും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി.
റാസൽഖൈമയിൽ നിന്നെത്തിയ മലപ്പുറം മൂർക്കനാട് സ്വദേശിയിൽ നിന്ന് 69 ലക്ഷം രൂപക്കുള്ള 968 ഗ്രാം സ്വർണവും ദുബൈയിൽ നിന്നെത്തിൽ മലപ്പുറം സ്വദേശിയിൽ നിന്ന് 36.9 6 ലക്ഷം രൂപക്കുള്ള 518 ഗ്രാം സ്വർണവും പിടികൂടി രണ്ടുപേരും മിശ്രിത സ്വർണം ശരീരത്തിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്.
ജിദ്ദയിൽ നിന്നെത്തിയ മമ്പാട് സ്വദേശിയിൽ നിന്ന് 17. 63 ലക്ഷം രൂപക്കുള്ള 246 ഗ്രാം സ്വർണവും ദുബൈയിൽ നിന്നെത്തിയ കാസർകോട് മംഗൽപാടി സ്വദേശിയിൽ നിന്ന് 28.23 ലക്ഷം രൂപയ്ക്കുള്ള 396 ഗ്രാം സ്വർണവും പിടികൂടി.മമ്പാട് സ്വദേശി ധരിച്ച ജീൻസിനുള്ളിലും കാസർകോട് സ്വദേശി ഹാൻഡ് ബാഗിലും ഒളിപ്പിച്ചായിരുന്നു സ്വർണം കടത്തിയിരുന്നത്.
മറ്റൊരു കേസിൽ രണ്ടുപേരിൽ നിന്നായി ദുബൈയിലേക്ക് കടകത്താൻ കൊണ്ടുവന്ന 30 ലക്ഷം രൂപയുടെ വിദേശ കറൻസികൾ പിടികൂടി. ഒരാളിൽ നിന്ന് 4.21 ലക്ഷം രൂപക്കുള്ള സൗദി റിയാലും മറ്റൊരാളിൽ നിന്ന് 25.79 ലക്ഷം രൂപക്കുള്ള അമേരിക്കൻ ഡോളറുമാണ് പിടിച്ചെടുത്തത്.
ഇതിനു പുറമേ ഷാർജ അബുദാബി എന്നിവിടങ്ങളിൽ നിന്ന് എത്തിയ മൂന്നു പേരിൽ നിന്നായി മൊത്തം 9.75 ലക്ഷം രൂപക്കുള്ള സിഗരറ്റ് കടത്തും പിടികൂടുകയുണ്ടായി.