Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കവര്‍ച്ച; എട്ട് പേര്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

കൊണ്ടോട്ടി | കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണക്കവര്‍ച്ച നടത്തുന്ന സംഘത്തിലെ എട്ട് പേര്‍ കൂടി അറസ്റ്റിലായി. നിലമ്പൂര്‍ വടപുറം പാലപ്പറമ്പ് പിലാത്തോടന്‍ ആരിഫ് (32), നിലമ്പൂര്‍ വടപുരം തൈക്കരത്തൊടിക തൊടിക റനീഷ് (36), വാണിയമ്പലം വടക്കുംപാടം കാട്ടുപറമ്പത്ത് സുനില്‍ കുമാര്‍ (39), എടക്കര നാരോക്കാവ് പയ്യന്‍കേരില്‍ ജിന്‍സണ്‍ വര്‍ഗീസ് (29), നിലമ്പൂര്‍ ചന്തക്കുന്ന് തൈക്കര്‍ത്തൊടിക ഹാരിസ് ബാബു (43), നിലമ്പൂര്‍ ചന്തക്കുന്ന് തെക്കില്‍ ശതാബ് (40), വണ്ടൂര്‍ തെക്കുംപാടം കൊച്ചുപറമ്പില്‍ സുബിന്‍ ജേക്കബ് (29), വണ്ടൂര്‍ തൃക്കൈകുത്ത കൂനേരി രവിശങ്കര്‍ (36) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കവര്‍ച്ചക്കായി എത്തിയ മൂന്ന് ആഡംബര വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ ഇന്നലെയും അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി സ്വര്‍ണം കടത്തിയതിന് ഇവരുടെ പേരില്‍ കസ്റ്റംസും കേസെടുത്തിട്ടുണ്ട്. ഒന്നര കിലോ സ്വര്‍ണമാണ് ഇവരില്‍നിന്നും പിടിച്ചെടുത്തത്.

കരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണം കടത്തുന്നവരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണം അപഹരിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ശതാബിന്റെ പേരില്‍ നിരവധി കേസുകളുണ്ട്. ആഡംബര വാഹനങ്ങള്‍ വാടകക്കെടുത്ത് പണയംവച്ച് ലക്ഷങ്ങള്‍ തട്ടുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണ്. ശതാബിനെ നേരത്തെ കാപ്പ ചുമത്തി നാടുകടത്തിയതായിരുന്നു. എന്നാല്‍ നിബന്ധനകള്‍ ലംഘിച്ച് നിലമ്പൂരില്‍ എത്തിയ ഇയാള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ അതിക്രമിച്ച് കയറി ഡ്യൂട്ടി ഡോക്ടറെ അക്രമിച്ചു. സംഭവത്തില്‍ കേസെടുത്ത വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.

കാപ്പാ നിബന്ധന ലംഘിച്ച് ഗുണ്ടാ, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്ന ശതാബ് നിലമ്പൂര്‍ പോലീസ് കേസെടുത്തത് അറിഞ്ഞതോടെ വയനാട്ടിലെ വിവിധ റിസോര്‍ട്ടുകളിലും ലോഡ്ജുകളിലും ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. മൈസൂരിലെ ഒളിത്താവളത്തില്‍ നിലമ്പൂര്‍ സ്വദേശികളായ ചിലര്‍ അഭയം തേടിയിട്ടുണ്ടെന്ന വിവരം മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചത് പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം മൈസൂരിലെത്തി ശതാബിനെ പിടികൂടിയത്. മൈസൂരില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച നിലമ്പൂര്‍ സ്വദേശികളെ കുറിച്ചും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഘത്തിലെ റനീഷ് എന്ന കുട്ടി മുമ്പ് പലതവണ അനധികൃതമായി ദുബൈയില്‍ നിന്നും കേരളത്തിലേക്ക് സ്വര്‍ണം കടത്തിയ സംഘത്തിലെ അംഗമാണ്. ഇവരെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങും.

മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡി വൈ എസ് പി. അഷ്‌റഫിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ഷിബു, കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ പ്രമോദ്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ, സത്യനാഥന്‍ മനാട്ട്, എം അസൈനാര്‍, പ്രമോദ് ശശി കുണ്ടറക്കാട്, അസീസ്, ഉണ്ണികൃഷ്ണന്‍, പി സഞ്ജീവ്, രതീഷ്, അഭിലാഷ്, ജിയോ ജേക്കബ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

Latest