Connect with us

Kerala

സ്വര്‍ണ്ണത്തരി മണ്ണ് തട്ടിപ്പ്; 50 ലക്ഷം കവര്‍ന്ന നാലംഗ സംഘം പിടിയില്‍

പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡില്‍ കെട്ടിടം വാടകക്കെടുത്ത് സ്വര്‍ണ്ണാഭരണ ഫാക്ടറിയില്‍ നിന്നും ശേഖരിച്ച സ്വര്‍ണ്ണ തരികള്‍ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്

Published

|

Last Updated

കൊച്ചി  | സ്വര്‍ണ്ണതരികളടങ്ങിയ മണ്ണ് നല്‍കാമെന്ന് വാഗാദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ നാലാംഗ ഉത്തരേന്ത്യന്‍ സംഘം പിടിയില്‍. ഗുജറാത്ത് സൂററ്റ് സ്വദേശികളായ സന്ദീപ് ഹസ്മുഖ് (37), വിപുള്‍ മഞ്ചി (43), ധര്‍മ്മേഷ് (38) കൃപേഷ് (35) എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശികളാണ് തട്ടിപ്പിനിരയായത്. 50 ലക്ഷത്തോളം രൂപയാണ് ഇവരില്‍ നിന്നും സംഘം തട്ടിയെടുത്തത്.

നാമക്കല്‍ സ്വദേശികളായ സ്വര്‍ണ്ണപ്പണിക്കാരുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡില്‍ കെട്ടിടം വാടകക്കെടുത്ത് സ്വര്‍ണ്ണാഭരണ ഫാക്ടറിയില്‍ നിന്നും ശേഖരിച്ച സ്വര്‍ണ്ണ തരികള്‍ അടങ്ങിയ മണ്ണാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. അഞ്ഞൂറോളം ചാക്കുകളില്‍ നിറച്ചു വച്ചിരുന്ന മണ്ണില്‍ നിന്നും തമിഴ്‌നാട് സ്വദേശികളെ കൊണ്ട് അഞ്ചു കിലോ സാമ്പിള്‍ എടുപ്പിച്ച ശേഷം പ്രതികള്‍ ഒരു മുറിയില്‍ പ്രത്യേകം തയ്യാറാക്കിയിരുന്ന ടേബിളിനു മുകളില്‍ വച്ചിരുന്ന ത്രാസ്സിലേക്ക് സാംപിള്‍ മണ്ണ് അടങ്ങിയ കിറ്റ് വച്ച് തൂക്കം നോക്കുകയും ചെയ്തു.

 

ഈ സമയം ടേബിളിനടിയില്‍ ഒളിച്ചിരുന്ന പ്രതികളിലൊരാള്‍ ടേബിളിലും ത്രാസ്സിലും നേരത്തെ സൃഷ്ടിച്ചിരുന്ന ദ്വാരത്തിലൂടെ സിറിഞ്ച് ഉപയോഗിച്ച് മണ്ണ് നിറച്ച കിറ്റിലേക്ക് സ്വര്‍ണ്ണ ലായനി ഇന്‍ഞ്ചക്ട് ചെയ്താണ് തട്ടിപ്പ് ആസൂത്രണം നടത്തിയത്. ആദ്യം വാങ്ങിയ സാംപിള്‍ മണ്ണില്‍ നിന്നും പ്രൊസ്സസ്സിംഗ് ചെയ്ത് സ്വര്‍ണ്ണം ലഭിച്ച തമിഴ്‌നാട് സ്വദേശികള്‍ പ്രതികള്‍ക്ക് 50 ലക്ഷം രൂപയും രണ്ടു ചെക്കുകളും നല്‍കി 5 ടണ്‍ മണ്ണ് വാങ്ങിയാണ് തട്ടിപ്പിനിരയായത്.

സാംപിളായി എടുത്ത മണ്ണില്‍ നിന്നും സാധാരണ ലഭിക്കുന്നതിലും കൂടുതല്‍ അളവില്‍ സ്വര്‍ണ്ണം ലഭിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ തമിഴ്‌നാട് സ്വദേശികള്‍ പാലാരിവട്ടം പോലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തു നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് എസിപി പി. രാജ് കുമാറിന്റ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് തമിഴ്‌നാട് സേന്ദമംഗലം പോലീസ് സ്റ്റേഷനിലും എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പരാതികളില്‍ അന്വേഷണം നടന്നു വരികയാണ്

 

Latest