Uae
സ്വർണാഭരണങ്ങൾ; വിമാനത്താവളങ്ങളിൽ പീഡനമരുത്
ഒരു വർഷത്തിലേറെ വിദേശ വാസം കഴിഞ്ഞ് തിരിച്ചെത്തുന്ന ഇന്ത്യൻ പൗരന്മാരിൽ സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്വർണാഭരണങ്ങൾ ആകാം.

ദുബൈ| സ്വർണാഭരണങ്ങളുടെ പേരിൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ യാത്രക്കാരെ പീഡിപ്പിക്കരുതെന്ന് ഡൽഹി ഹൈകോടതി നിർദേശം. സ്വന്തം സ്വർണവളകൾ ധരിച്ചതിന് വിമാനത്താവളത്തിൽ തടഞ്ഞുനിർത്തുകയോ രസീത് കാണിക്കാൻ ആവശ്യപ്പെടുകയോ ചെയ്യരുത്. 2016 മുതൽ നിലവിലുള്ള ബാഗേജ് നിയമങ്ങൾ പ്രകാരം, ഒരു വർഷത്തിലേറെ വിദേശ വാസം കഴിഞ്ഞ് തിരിച്ചെത്തുന്ന ഇന്ത്യൻ പൗരന്മാരിൽ സ്ത്രീകൾക്ക് 40 ഗ്രാം വരെയും പുരുഷന്മാർക്ക് 20 ഗ്രാം വരെയും സ്വർണാഭരണങ്ങൾ ആകാം. ഇതിൽ വലിയ വ്യത്യാസമില്ലെങ്കിൽ ചോദ്യം ചെയ്യരുത്. ഉപയോഗിച്ചതോ പാരമ്പര്യമായി ലഭിച്ചതോ ആയ ആഭരണങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നില്ല. ഇത് ആശയക്കുഴപ്പത്തിനും പൊരുത്തക്കേടുകൾക്കും കാരണമായിരുന്നു. ഇതിലാണ് കോടതി തീർപ്പ് കൽപിച്ചത്.
സ്വർണവിലയിലുണ്ടായ വർധനവ് കണക്കിലെടുക്കണ്ട. മെയ് 19നകം നിയമങ്ങൾ ഭേദഗതി ചെയ്യുകയോ ഒരു സ്റ്റാൻഡേർഡ് ഓപറേറ്റിംഗ് നടപടിക്രമം പുറപ്പെടുവിക്കുകയോ ചെയ്യാൻ കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡിനോട് കോടതി നിർദേശിച്ചു. പഴകിയ ആഭരണങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കസ്റ്റംസ് വ്യക്തമാക്കണം, ലളിതമാക്കണം. ഇന്ത്യൻ പ്രവാസികൾക്ക്, പ്രത്യേകിച്ച് വിവാഹങ്ങൾക്കും ഉത്സവങ്ങൾക്കും വീട്ടിലേക്ക് മടങ്ങുന്നവരുടെ വ്യക്തിഗതമോ പാരമ്പര്യമോ ആയ ആഭരണങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുക്കുകയോ തടങ്കലിൽ വെക്കുകയോ ചെയ്യരുത്. യാത്രക്കാരെ ഉപദ്രവിക്കരുതെന്നും ഡൽഹി ഹൈക്കോടതി അടുത്തിടെ വിധിച്ചു. 30 ലധികം ഹർജികൾ കോടതി പരിശോധിച്ച ശേഷമാണ് ഈ വിധി വന്നത്.
ഒരു പ്രത്യേക കാരണമില്ലെങ്കിൽ, വ്യക്തിഗത ഉപയോഗത്തിനായി ഉദ്ദേശിച്ച ആഭരണങ്ങൾ കൊണ്ടുപോകുന്നതിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ യാത്രക്കാരെ തടയരുതെന്ന് ജസ്റ്റിസുമാരായ പ്രതിഭ എം സിംഗ്, രജനീഷ് കുമാർ ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. പീഡനം തടയുന്നതിനായി വിമാനത്താവള ജീവനക്കാർക്കായി സെൻസിറ്റിവിറ്റി വർക്ക് ഷോപ്പുകൾ നടത്താനും അവർ അധികാരികൾക്ക് നിർദേശം നൽകി. യു എ ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഈ തീരുമാനം പ്രത്യേകിച്ചും ആശ്വാസകരമാണ്. പലരും വിവാഹ സീസണുകളിലോ ഉത്സവങ്ങളിലോ പൂർവീക ആഭരണങ്ങളുമായി വീട്ടിലേക്ക് മടങ്ങുന്നു. വർഷങ്ങളായി ആഭരണങ്ങൾ ധരിച്ചിട്ടുണ്ടെങ്കിലും കൊണ്ടുനടക്കുന്നുണ്ടെങ്കിലും ഇന്ത്യൻ വിമാനത്താവളങ്ങളിൽ തടഞ്ഞുവെക്കപ്പെടുന്നതായി പലരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.