National
സ്വര്‍ണ്ണത്തില്‍ തീര്‍ത്ത മധുരപലഹാരങ്ങള്‍; വില കേട്ടാല്‍ ഞെട്ടും
വിലയേറിയതും വ്യത്യസ്തവും രുചിയും ഗുണവുമുള്ള മധുരപലഹാരങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്.
ഗാന്ധിനഗര്‍| ഗുജറാത്തിലുള്ള ഒരു ബേക്കറിയിലെ മധുരപലാഹാരത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. രക്ഷാബന്ധന്‍ മഹോത്സവത്തോടനുബന്ധിച്ച് സഹോദരങ്ങള്‍ പരസ്പരം മധുരം പങ്കുവെക്കുന്ന ഈ പ്രദേശത്ത് മധുരപലഹാര കടകളില്‍ വന്‍ തിരക്കാണ് ഉണ്ടാകാറുള്ളത്. വിലയേറിയതും വ്യത്യസ്തവും രുചിയും ഗുണവുമുള്ള മധുരപലഹാരങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. ഇത്തരത്തില്‍ പലഹാരം വില്‍ക്കുന്ന കടയാണ് സൂറത്തിലെ ഘോഡാഡോഡ് റോഡ് പ്രദേശത്തുള്ള സ്വര്‍ണ്ണം ചേര്‍ത്ത മധുരപലഹാരക്കട. ’24 കാരറ്റ് മധുരമുള്ള കട’ എന്നാണ് ഈ ഷോപ്പ് അറിയപ്പെടുന്നത്. സൂറത്തില്‍ സാധാരണമായ ഒന്നാണ് സ്വര്‍ണ്ണ മധുരപലഹാരം.
ഈ കടയില്‍ പ്രത്യേക സ്വര്‍ണ്ണ ഫോയില്‍ പൂശിയാണ് മധുരപലഹാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഉത്സവ സീസണില്‍ ഈ ഗോള്‍ഡ് സ്വീറ്റ്‌സിന് വിലയും കൂടും. ഒരു കിലോ സ്വര്‍ണ മധുരപലഹാരത്തിന് 9000 രൂപയാണ് വില. വര്‍ഷങ്ങള്‍ക്കുമുന്‍പ് മധുരപലഹാരങ്ങള്‍ വെള്ളി ഫോയില്‍ പൂശി വില്‍പന നടത്തിയിരുന്നു. നിലവില്‍ മധുരപലഹാരങ്ങളും കശുവണ്ടിയും പാലും കൊണ്ടുണ്ടാക്കുന്ന ബര്‍ഫിയുമാണ് പൂര്‍ണ്ണമായും സ്വര്‍ണ്ണം പൂശി വില്‍ക്കുന്നത്.
മധുരപലഹാരങ്ങള്‍ ചെലവേറിയതാണെങ്കിലും നിരവധി ആളുകള്‍ പലഹാരങ്ങള്‍ വാങ്ങാനെത്തുന്നുണ്ടെന്നാണ് കടയുടമ പറയുന്നത്. രക്ഷാ ബന്ധന്‍ ഉത്സവത്തിനായി ഉപഭോക്താക്കള്‍ വിലകൂടിയ മധുരപലഹാരങ്ങള്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണേന്ത്യയില്‍ ഇത്തരം പലഹാരങ്ങള്‍ക്ക് പേരുകേട്ട സ്ഥലം ഹൈദരാബാദിലെ ചാര്‍മിനാറിലെ തെരുവുകളാണ്.