gold price hike
പത്താം ആഴ്ചയും കുതിച്ചുയർന്ന് സ്വർണ വില; സാമ്പത്തിക മാന്ദ്യ ഭീതിയും പ്രധാന ഘടകം
സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്.
മുംബൈ | പത്താം ആഴ്ചയും കുത്തനെ കുതിച്ചുയർന്ന് സ്വർണ വില. 2022ൽ ഉണ്ടായ 14.30 ശതമാനം വർധന ഈ വർഷവും തുടരുമെന്ന സൂചനകളാണ് പുതുവത്സരത്തിലെ വിപണി നൽകുന്നത്. ചൈനയിൽ വർധിച്ച് വരുന്ന കൊവിഡ് കേസുകളും ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള ഭീതിയും തുടങ്ങി ഡോളർ വിലയിലെ മാറ്റങ്ങളും സ്വർണവില ഉയരാൻ കാരണമാകുന്നുണ്ടെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷം 2008 മുതലാണ് നിക്ഷേപകരുടെ നോട്ടം സ്വർണത്തിൽ ഗൗരവമായി പതിഞ്ഞത്. സ്വർണത്തിൽ നിക്ഷേപിച്ചാൽ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ശക്തമാണ്. സ്വർണത്തിന്റെ മുൻകാല ചരിത്രം ഇത് ശരിവെക്കുന്നു. 2007 കാലഘട്ടത്തിൽ പവന് 10,000 രൂപയുണ്ടായിരുന്ന സ്വർണത്തിന് ഇന്ന് വില മൂന്നിരട്ടിയിലധികമാണ്.
രാജ്യന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണ വിലയെ സ്വാധീനിക്കുന്നു. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യൻ സ്വർണവിലയെ സ്വാധീനിക്കുന്നു. നിലവിൽ പ്രദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകതയനുസരിച്ച് സ്വർണത്തിന് വില കൂട്ടാനും കുറക്കാനും അവർക്ക് കഴിയും. ചില സാഹചര്യങ്ങളിൽ അസോസിയേഷനുകൾ ദിവസത്തിൽ രണ്ട് തവണ വില പുതുക്കാറുണ്ട്.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായിട്ടാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈയിൽ വെക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു. മാത്രമല്ല, മലയാളികളുടെ സ്വർണാഭരണ ഭ്രമവും പ്രധാന ഘടകമാണ്.