Kerala
സ്വര്‍ണ കവര്‍ച്ച; ഹോം നഴ്‌സും ഭര്‍ത്താവും പിടിയില്‍
ഇടുക്കി ഏലപ്പാറയിലെ റോസ് മല വീട്ടില്‍ വിക്ടോറിയ രാമയ്യന്‍, ഭര്‍ത്താവ് കോട്ടയം കല്ലറ സൗത്ത് പി ഒയില്‍ രേണുക ഭവനത്തില്‍ ജയകാന്തന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട | വൃദ്ധയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല ഉള്‍പ്പെടെ അഞ്ച് പവന്‍ കവര്‍ന്ന് കടന്നു കളഞ്ഞ ഹോംനഴ്സും ഭര്‍ത്താവും പോലീസ് പിടിയില്‍. ഇടുക്കി ഏലപ്പാറയിലെ റോസ് മല വീട്ടില്‍ മിനിയെന്ന് വിളിക്കുന്ന വിക്ടോറിയ രാമയ്യന്‍ (39), ഭര്‍ത്താവ് കോട്ടയം കല്ലറ സൗത്ത് പി ഒയില്‍ രേണുക ഭവനത്തില്‍ സുന്ദരന്‍ എന്ന് വിളിക്കുന്ന ജയകാന്തന്‍ (49) എന്നിവരെയാണ് പന്തളം പോലീസ് അറസ്റ്റ് ചെയ്തത്.
തുമ്പമണ്‍ വടക്കോട്ട് ചരിവില്‍ വീട്ടിലെ 85 വയസ്സുള്ള വയോധികയുടെ ആഭരണമാണ് ഇവര്‍ മോഷ്ടിച്ച് മുങ്ങിയത്. കവര്‍ച്ചക്കു ശേഷം നാടുവിട്ട മിനി തിരുവനന്തപുരത്തെ ഹോട്ടലില്‍ ജോലിയുള്ള ജയകാന്തനുമായി ചേര്‍ന്ന് തിരുവനന്തപുരം ചാലയിലുള്ള ഒരു സ്ഥാപനത്തില്‍ സ്വര്‍ണ മോതിരവും തുടര്‍ന്ന് നാല് ദിവസത്തിനു ശേഷം കോട്ടയത്ത് എത്തി ഇവിടുത്തെ പ്രമുഖ ജ്വല്ലറിയില്‍ മാല അടക്കമുള്ള സ്വര്‍ണാഭരണങ്ങളും വില്‍ക്കുകയായിരുന്നു.
വിക്ടോറിയക്ക് തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ സമാനമായ കേസ് നിലവിലുണ്ട്. സുന്ദരനാണെങ്കില്‍ എറണാകുളത്ത് കത്തിക്കുത്ത് കേസില്‍ പ്രതിയായി മൂന്നുവര്‍ഷം തടവ് ശിക്ഷ അനുഭവിച്ച ആളാണ്.
അടൂര്‍ ഡി വൈ എസ് പി. നിയാസിന്റെ മേല്‍നോട്ടത്തില്‍ പന്തളം എസ് എച്ച് ഒ. ടി ഡി പ്രജീഷ്, സബ് ഇന്‍സ്പെക്ടര്‍ അനീഷ് എബ്രഹാം, സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ് അന്‍വര്‍ഷ, ആര്‍ രഞ്ജിത്ത്, വനിതാ പോലീസ് ഉദ്യോഗസ്ഥ എസ് അനൂപ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.