From the print
സ്വര്‍ണക്കടത്ത് കേസ്; പ്രതികള്‍ക്ക് 66 കോടി രൂപ പിഴ ചുമത്തി കസ്റ്റംസ്
സ്വപ്ന, സന്ദീപ്, സരിത്ത്, റമീസ് എന്നിവര്‍ക്ക് ആറ് കോടി വീതം • ശിവശങ്കറിന് 50 ലക്ഷം യു എ ഇ മുന്‍ കോണ്‍സുല്‍ ജനറലിനും അറ്റാഷെക്കും ആറ് കോടി വീതം
കൊച്ചി | നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്ന സുരേഷിനും കൂട്ടാളികള്‍ക്കും 66.60 കോടി രൂപ പിഴ ചുമത്തി കസ്റ്റംസ്.
കേസിലെ പ്രധാന പ്രതികളായ സ്വപ്ന, പി എസ് സരിത്ത്, സന്ദീപ് നായര്‍, കെ ടി റമീസ്, യു എ ഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാശിദ് ഖാമിസ് അല്‍ അഷ്‌മേയി എന്നിവര്‍ക്ക് ആറ് കോടി വീതമാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ രാജേന്ദ്രകുമാര്‍ ഐ ആര്‍ എസ് പിഴ ചുമത്തിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന് 50 ലക്ഷം രൂപയാണ് പിഴ. മൊത്തം 44 പ്രതികളുള്ള കേസില്‍ ഏഴുപേരെ ഇനിയും പിടികൂടാനുണ്ട്. ഇവരൊഴികെയുള്ള പ്രതികളില്‍നിന്ന് 66.60 കോടി രൂപ പിഴ ഈടാക്കാനാണ് ഉത്തരവ്. മറ്റ് പ്രതികളെ കൂടി പിടികൂടിയാല്‍ അവരില്‍ നിന്നും പിഴ ഈടാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
കാര്‍ഗോ കോംപ്ലക്‌സില്‍ നിന്ന് പിടികൂടിയ 30.24 കിലോഗ്രാമും അതിനു മുമ്പ് ഇതേ ചാനലിലൂടെ കൊണ്ടുപോയ 136.82 കിലോഗ്രാമും അടക്കം 61.32 കോടി രൂപ വിലവരുന്ന 167.03 കിലോഗ്രാം സ്വര്‍ണം കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തല്‍. വിവാദമായ നയതന്ത്ര ബാഗേജ് സ്വര്‍ണക്കള്ളക്കടത്തില്‍ സ്വപ്ന സുരേഷിന്റെ പങ്കാളിയായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പ്രവര്‍ത്തിച്ചെന്ന് ഉത്തരവില്‍ പറയുന്നു.
ഉത്തരവിനെതിരേ പ്രതികള്‍ക്ക് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാം. ട്രൈബ്യൂണലിന് ഉത്തരവ് ശരിവെക്കുകയോ തിരുത്തലുകള്‍ ആവശ്യപ്പെടുകയോ ചെയ്യാം. എന്നാല്‍ ഇത്തരം കേസുകളില്‍ പിഴത്തുകയില്‍ ഇളവുലഭിക്കാനുള്ള സാധ്യത വിരളമാണ്.