From the print
സ്വർണക്കടത്ത് കേസ്; നയതന്ത്ര ബാഗേജ് കേന്ദ്രത്തിന് പരിശോധിക്കാമോയെന്ന് സുപ്രീം കോടതി
നയതന്ത്ര ബാഗ് സ്‌കാൻ ചെയ്യാൻ കേന്ദ്ര സർക്കാറിന് കഴിയുമോയെന്നും അങ്ങനെ ചെയ്യണമെങ്കിൽ അതിനുള്ള നടപടിക്രമം എന്താണെന്നും ബഞ്ച് ചോദിച്ചു.
ന്യൂഡൽഹി | നയതന്ത്ര ബാഗേജിൽ സംശയം തോന്നിയാൽ അത് സ്‌കാൻ ചെയ്യാനും പരിശോധിക്കാനും നിയമപരമായ അധികാരമുണ്ടോയെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി.
സ്വപ്‌ന സുരേഷ് മുഖ്യപ്രതിയായ സ്വർണക്കടത്ത് കേസിന്റെ വിചാരണ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) സമർപ്പിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ ഋഷികേശ് റോയ്, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബഞ്ചാണ് കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിനോട് ഇക്കാര്യം ചോദിച്ചത്. നയതന്ത്ര ബാഗ് സ്‌കാൻ ചെയ്യാൻ കേന്ദ്ര സർക്കാറിന് കഴിയുമോയെന്നും അങ്ങനെ ചെയ്യണമെങ്കിൽ അതിനുള്ള നടപടിക്രമം എന്താണെന്നും ബഞ്ച് ചോദിച്ചു.
എല്ലാ ബാഗേജുകളും സ്‌കാൻ ചെയ്യാറില്ലെങ്കിലും സംശയകരമായ നയതന്ത്ര ബാഗേജുകൾ സ്‌കാൻ ചെയ്യാൻ ഏജൻസികൾക്ക് അധികാരമുണ്ടെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് എസ് വി രാജു സുപ്രീം കോടതിയെ അറിയിച്ചു. കുറ്റകൃത്യത്തിന് ഉപയോഗിച്ചാൽ പ്രഥമദൃഷ്ട്യാ അത് സ്‌കാൻ ചെയ്യാമെന്നും പിന്നീട് അത് നയതന്ത്ര ബാഗായി തുടരില്ലെന്നും എ എസ് ജി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറുമായി ചർച്ച നടത്തിയ ശേഷം ഓദ്യോഗിക നിലപാട് അറിയിക്കാമെന്നും കോടതിയെ അറിയിച്ചു.
ഇ ഡിയുടെ ട്രാൻസ്ഫർ ഹരജിയിൽ സംസ്ഥാന സർക്കാറിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഹാജരാകുന്നത്. സ്പെഷ്യൽ ബഞ്ചിന് മുമ്പാകെ ഇന്നലെ സിബൽ മറ്റൊരു കേസിന് ഹാജരാകുന്നതിനാൽ ഹരജി പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിംഗ് കോൺസൽ സി കെ ശശി ആവശ്യപ്പെട്ടു. കേസിൽ വിചാരണ ആരംഭിച്ചിട്ടില്ലെന്നും അതിനാൽ മാറ്റുന്നതിനെ എതിർക്കുന്നില്ലെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് കേസ് പരിഗണിക്കുന്നത് ബഞ്ച് മാറ്റിവെച്ചു.