GOLD SMUGGLING
ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണക്കടത്ത്: രണ്ടാം പ്രതി ഷാബിന്‍ അറസ്റ്റില്‍
തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിന്‍.
കൊച്ചി | ഇറച്ചിവെട്ട് യന്ത്രത്തില്‍ രണ്ട് കിലോയോളം സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതിയായ ഷാബിന്‍ പിടിയിലായി. കഴിഞ്ഞ ദിവസം രാത്രി കൊച്ചിയില്‍ നിന്നാണ് കസ്റ്റംസ് ഇയാളെ അറസ്റ്റ് ചെയ്തത്. നിലവില്‍ കസ്റ്റംസ് ആന്‍ഡ് പ്രിവന്റീവ് ഓഫീസില്‍ ഷാബിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ എ എ ഇബ്രാഹിംകുട്ടിയുടെ മകനാണ് ഷാബിന്‍. കള്ളക്കടത്തിന് വന്‍തോതില്‍ നിക്ഷേപം നടത്തിയത് ഷാബിനാണെന്ന് കസ്റ്റംസ് പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ സിനിമാ നിര്‍മാതാവ് സിറാജുദ്ദീന്‍ ഒളിവിലാണ്. ഇയാള്‍ വിദേശത്താണുള്ളത്. ഷാബിന് വേണ്ടി വിദേശത്തുനിന്ന് സ്വര്‍ണം അയച്ചിരുന്നത് സിറാജുദ്ദീനാണെന്ന് കസ്റ്റംസ് പറയുന്നു.
സിറാജുദ്ദീനുമായി ഷാബിന് അടുത്ത ബന്ധമാണുള്ളത്. കസ്റ്റംസ് കഴിഞ്ഞ ദിവസം ഇബ്രാഹിംകുട്ടിയുടെ വീട് റെയ്ഡ് ചെയ്ത് ലാപ്‌ടോപ് അടക്കമുള്ളവ പിടിച്ചെടുത്തിരുന്നു. ലാപ്‌ടോപ് പരിശോധിച്ചതില്‍ നിന്ന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.