Kerala
കരിപ്പൂരില്‍ സിഐഎസ്എഫ് കമാന്‍ഡന്റിന്റെ സഹായത്തോടെ സ്വര്‍ണക്കടത്ത്; 60 തവണ സ്വര്‍ണമെത്തിച്ചു
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ സ്വര്‍ണവുമായി പിടിയിലായവരില്‍ നിന്നും കണ്ടെടുത്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണക്കടത്തിലെ ഉദ്യോഗസ്ഥ ബന്ധം വെളിവായത്

മലപ്പുറം | കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥ റാക്കറ്റെന്ന് പോലീസിന്റെ കണ്ടെത്തല്‍. സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റിന്റെ സഹായത്തോടെ കൊടുവള്ളി സ്വദേശിക്കായി 60 തവണ സ്വര്‍ണം കടത്തിയെന്ന ഞെട്ടിക്കുന്ന വിവരവും പോലീസിന് ലഭിച്ചു. മലപ്പുറം എസ്പി സുജിത്ദാസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്റഡന്റ് നവീനാണ് സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം മാത്രം എയര്‍പോര്‍ട്ട് വഴി കടത്തിയ സ്വര്‍ണം പുറത്തുവച്ച് മൂന്ന് തവണ പോലീസ് പിടികൂടിയിരുന്നു. അതില്‍ നിന്നാണ് പോലീസിന് നിര്‍ണായക വിവരം ലഭിച്ചത്.
കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂള്‍ സ്വര്‍ണവുമായി പിടിയിലായവരില്‍ നിന്നും കണ്ടെടുത്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സ്വര്‍ണക്കടത്തിലെ ഉദ്യോഗസ്ഥ ബന്ധം വെളിവായത്.
ഉദ്യോഗസ്ഥര്‍ക്കും കടത്തുകാര്‍ക്കും മാത്രം സംസാരിക്കാനായി പ്രത്യേക സിം ഇവരുടെ കൈവശം ഉണ്ടായിരുന്നു. കമാന്‍ഡന്റിന്റെ ഒത്താശയോടെ 60 തവണ സ്വര്‍ണം കടത്തിയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. കൊടുവള്ളി സ്വദേശി റഫീക്കിന് വേണ്ടിയാണ് ഇവര്‍ സ്വര്‍ണം കടത്തിയത്. സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്റന്‍ഡിന്റെയും കസ്റ്റംസ് ഉദ്യോഗസ്ഥന്റെയും പേരില്‍ കേസ് എടുത്തതായി പോലീസ് അറിയിച്ചു.