From the print
കൊച്ചിയില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
സ്വര്‍ണം നിറച്ച കാപ്സ്യൂളുകള്‍ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്.
നെടുമ്പാശ്ശേരി | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ വിദേശത്ത് നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച 50 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. ഇയാള്‍ 1,168 ഗ്രാം സ്വര്‍ണ മിശ്രിതം നാല് കാപ്സ്യൂളുകളിലാക്കി നിറച്ചാണ് അനധികൃതമായി കടത്തുന്നതിനായി വിദേശത്ത് നിന്ന് കൊണ്ടുവന്നത്.
സ്വര്‍ണം നിറച്ച കാപ്സ്യൂളുകള്‍ മലദ്വാരത്തിലാണ് ഒളിപ്പിച്ചിരുന്നത്. സഊദി അറേബ്യന്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി ഷൗക്കത്തലിയാണ് പിടിയിലായത്. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 20ാമത്തെ കേസാണ് സമാന സ്വഭാവത്തില്‍ പിടിക്കപ്പെടുന്നത്.
നിലവില്‍ സ്വര്‍ണം കാപ്സ്യൂളുകളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ച് കൊണ്ടുപോകാന്‍ ശ്രമിച്ച കേസുകളാണ് 75 ശതമാനവും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടുന്നത്. ശക്തമായ നിരീക്ഷണത്തിലുടെ യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുമ്പോള്‍ നടത്തുന്ന വിശദമായ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തുന്നത്. ഇന്നലെ പിടിയിലായ യാത്രക്കാരന്റെ പേരില്‍ ഇന്ത്യന്‍ കസ്റ്റംസ് ആക്ട് 162 അനുസരിച്ച് കേസെടുടുത്തു.