Uae
റാസ് അല്‍ ഖൈമയില്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ഗോള്‍ഡന്‍ വിസ
രണ്ട് വിഭാഗം അധ്യാപകര്‍ക്കാണ് ഗോള്‍ഡന്‍ വിസക്ക് അര്‍ഹതയുണ്ടാവുക.
റാസ് അല്‍ ഖൈമ| യോഗ്യതാ ആവശ്യകതകള്‍ നിറവേറ്റുന്ന പൊതു, സ്വകാര്യ സ്‌കൂള്‍ പ്രൊഫഷണലുകള്‍ക്ക് ദീര്‍ഘകാല റെസിഡന്‍സി ലഭിക്കുമെന്ന് റാസ് അല്‍ ഖൈമ നോളജ് ഡിപ്പാര്‍ട്ട്‌മെന്റ്അറിയിച്ചു. രണ്ട് വിഭാഗം അധ്യാപകര്‍ക്കാണ് ഗോള്‍ഡന്‍ വിസക്ക് അര്‍ഹതയുണ്ടാവുക. സ്‌കൂള്‍ ലീഡര്‍മാര്‍ എന്ന വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍മാര്‍, വൈസ് പ്രിന്‍സിപ്പല്‍മാര്‍, സ്‌കൂള്‍ ഡയറക്ടര്‍മാര്‍ എന്നിവര്‍ക്കും അധ്യാപക വിഭാഗത്തില്‍ പൊതു, സ്വകാര്യ സ്‌കൂളുകളില്‍ നിലവില്‍ ജോലി ചെയ്യുന്ന യോഗ്യതയുള്ള അധ്യാപകരും ഉള്‍പ്പെടും. റാസ് അല്‍ ഖൈമയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ റെസിഡന്‍സിയും ജോലിയും പ്രസക്തമായ ഒരു ഉന്നത ബിരുദവും സ്‌കൂളിലെ അവരുടെ പ്രകടനത്തില്‍ പ്രകടമായ സ്വാധീനവും ഉണ്ടാക്കിയവരെയാണ് പരിഗണിക്കുക.
ആവശ്യമായ എല്ലാ രേഖകളും സമര്‍പ്പിച്ചുകഴിഞ്ഞാല്‍, നോളജ് ഡിപ്പാര്‍ട്ട്‌മെന്റ് അവ അവലോകനം ചെയ്യുകയും ഗോള്‍ഡന്‍ വിസ പ്രോസസ്സിംഗിനായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി (ഐ സി പി) നോമിനേഷന്‍ നല്‍കുകയും ചെയ്യും. എന്നാല്‍ സ്‌കൂള്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ പത്ത് വര്‍ഷത്തെ വിസക്ക് അര്‍ഹരല്ല. യോഗ്യതാ അവലോകനത്തിനായി അപേക്ഷാ ഫീസ് ഈടാക്കില്ല എന്നും ഡിപ്പാര്‍ട്ട്‌മെന്റ്വ്യക്തമാക്കി. റാസ് അല്‍ ഖൈമയിലെ എല്ലാ വിദ്യാര്‍ഥികളുടെയും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതില്‍ അധ്യാപകര്‍ വഹിക്കുന്ന നിര്‍ണായക പങ്ക് അംഗീകരിക്കുകയാണ് ഇതിലൂടെയെന്ന് നോളജ് ഡിപ്പാര്‍ട്ട്‌മെന്റ്‌ബോര്‍ഡ് അംഗം ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍ നഖ്ബി പറഞ്ഞു.