Kozhikode
ഗോൾഡൻ വോയേജ് ജില്ലാ ജാഥക്ക് നാളെ തുടക്കം
സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ഫ്ലാഗ് ഓഫ് ചെയ്യും. ജാഥാ ക്യാപ്റ്റൻ മുഹമ്മദ് റാഫി അഹ്സനി കാന്തപുരം പതാക ഏറ്റുവാങ്ങും.
കോഴിക്കോട് | എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർത്ഥി സമ്മേളനത്തിന് മുന്നോടിയായി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന ഗോൾഡൻ വൊയേജിന് നാളെ തുടക്കമാകും. രണ്ടു ദിവസങ്ങളിലായി ജില്ലയിലെ മുഴുവൻ ഡിവിഷനുകളിലും പര്യടനം നടത്തുന്ന ജാഥ നാളെ രാവിലെ 7.30ന് ഫറോക്ക് ഖാദിസിയ്യയിൽ വെച്ച് ആരംഭിക്കും.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി ഗോൾഡൻ വൊയേജ് ഫ്ലാഗ് ഓഫ് ചെയ്യും. ജാഥാ ക്യാപ്റ്റൻ മുഹമ്മദ് റാഫി അഹ്സനി കാന്തപുരം പതാക ഏറ്റുവാങ്ങും. ഉദ്ഘാടന സംഗമത്തിൽ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി സംസാരിക്കും.
തുടർന്ന് രാമനാട്ടുകര, കുന്ദമംഗലം, മുക്കം, ഓമശ്ശേരി, താമരശ്ശേരി, പറമ്പിൽ ബസാർ എന്നിവിടങ്ങളിൽ യാത്രക്ക് സ്വീകരണം നൽകും. രാത്രി 7.30ന് പൂനൂരിൽ നടക്കുന്ന സ്വീകരണത്തോടെ നാളത്തെ പ്രയാണം സമാപിക്കും.
ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ബാലുശ്ശേരിയിൽ നിന്ന് പുനരാരംഭിക്കുന്ന റാലി കൊയിലാണ്ടി, വടകര, നാദാപുരം, കുറ്റ്യാടി എന്നിവിടങ്ങളിൽ പര്യടനം നടത്തി പേരാമ്പ്രയിൽ സമാപിക്കും. അഫ്സൽ പറമ്പത്ത്, അബ്ദുൽ വാഹിദ് സഖാഫി മുക്കം സംസാരിക്കും. കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് അംഗങ്ങൾ ജാഥക്ക് നേതൃത്വം നൽകും. സ്വീകരണ കേന്ദ്രങ്ങളിൽ ഐൻ ടീം അംഗങ്ങളുടെ റാലി നടക്കും.