Kerala
മാഞ്ഞു, ചിരിയുടെ ആള്‍ രൂപം
തീപ്പെട്ടി കമ്പനിയിലേക്ക് സാധനങ്ങള്‍ വാങ്ങാനുള്ള ശിവകാശി യാത്രയിലെപ്പോഴോ സിനിമ മനസ്സില്‍ പതിഞ്ഞുറച്ചിരുന്നു. സിനിമാ കമ്പം മൂത്തതോടെ കോടമ്പാക്കാത്തെ ഒറ്റമുറിയിലെ ദാരിദ്യത്തില്‍ വീര്‍പ്പടക്കി, വിശപ്പടക്കി കഴിഞ്ഞു.
കൊച്ചി | ജീവനുള്ള നര്‍മ്മ ഭാഷണങ്ങളും അതി പ്രസരമില്ലാത്ത അഭിനയവുമായി മലയാളിക്ക് മുന്നിലെത്താന്‍ ഇനി ഇന്നസെന്റ് ഇല്ല. സ്വത സിദ്ധമായ ശൈലി കൊണ്ട് അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത നടന ഭംഗിയുടെ നറുനിലാവ് മാഞ്ഞു. ജീവിതത്തിന്റെയും മരണത്തിന്റെയും ഇടനാഴിയില്‍ നിന്ന് തിരികെയെത്തി താനിവിടെയുണ്ടെന്ന് പലവുരു അടയാളപ്പെടുത്തി അനുഭവങ്ങളുടെ ചിരിത്തുണ്ടുകള്‍ വാരിയെറിഞ്ഞാണ് അതിശയിപ്പിച്ച അധ്യായങ്ങള്‍ പലതുള്ള ആ ജീവിതം അവസാനിക്കുന്നത്. ചലച്ചിത്ര ലോകത്തെ നര്‍മം കൊണ്ട് കൊഴുപ്പിച്ച് വിസ്മയിച്ചപ്പോഴെല്ലാം ശക്തമായ ജീവിത കാഴ്ചപ്പാടും ഒപ്പം രാഷ്ട്രീയ നിലപാടും ഉയര്‍ത്തിപ്പിടിച്ച ഇന്നസെന്റ് സിനിമയുടെ ലോകത്തും വേറിട്ട ഒരാളായി. ആദ്യ കാലത്ത് പട്ടിണിയും പിന്നീട് കാന്‍സറും കവരാന്‍ ശ്രമിച്ചിട്ടും ചിരിച്ചുകൊണ്ടു നടന്ന ഇങ്ങനെ ഒരു മനുഷ്യനെ ഒരു പക്ഷെ മലയാളി ഇതുവരെ കണ്ടിട്ടുണ്ടാവില്ല.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലര്‍ പദവി മുതല്‍ പാര്‍ലമെന്റ് അംഗം വരെ നീളുന്ന രാഷ്ട്രീയ ജീവിതത്തിലും രാഷ്ട്രീയക്കാരന് എങ്ങനെ നല്ല മനുഷ്യനാകാമെന്നും ഇന്നസെന്റ് ജീവിച്ച് കാട്ടി. പഠിപ്പും വരുമാനവുമില്ലാതെ അലഞ്ഞു നടന്ന കാലം മുതല്‍ ജനപ്രതിനിധിയായി ഡല്‍ഹിയില്‍ വരെയെത്തിയ ഇന്നസെന്റിന്റെ ജീവിതചിത്രം കണ്ണീരും ചിരിയുമില്ലാതെ കണ്ട് തീര്‍ക്കാനാകില്ല.കടത്തിണ്ണകളിലും ചെറിയ സദസ്സിലും ഫലിതം പറയാനുള്ള കഴിവ് കൊണ്ട് മാത്രം ജീവിതം മുന്നോട്ട് പായിച്ച കാലത്ത് നിന്നാണ് വെള്ളിത്തിരയുടെ വെള്ളിവെളിച്ചത്തിലേക്ക് ഇന്നസെന്റ് നടന്നു കയറുന്നത്.
ഉപജീവനത്തിനായി പല തൊഴിലുകളും പരീക്ഷിച്ചു. സിമന്റ് ഏജന്‍സിയും സ്റ്റേഷനറി കടയും തീപ്പെട്ടി കമ്പനിയും നടത്തി ജീവിതത്തിലെ പൊള്ളുന്ന പരീക്ഷണങ്ങളെ നേരിട്ടു. ലേഡീസ് ബാഗുകള്‍ തൂക്കിയിട്ട ടൂവീലറുമായി ഉരുകിയൊലിക്കുന്ന വെയിലത്ത് കടകള്‍തോറും വില്‍പനക്കാരനായി നടന്നു. കര്‍ണാടകയിലെ ദാവണ്‍ഗരെയില്‍ തീപ്പെട്ടി കമ്പനി നടത്തി. കമ്പനി കടത്തില്‍ മുങ്ങി. തീപ്പെട്ടി കമ്പനിയിലേക്ക് സാധനങ്ങള്‍ വാങ്ങാനുള്ള ശിവകാശി യാത്രയിലെപ്പോഴോ സിനിമ മനസ്സില്‍ പതിഞ്ഞുറച്ചിരുന്നു. പല തവണ മദിരാശിയിലും കോടമ്പാക്കത്തും കറങ്ങി. സിനിമാ കമ്പം മൂത്തതോടെ കോടമ്പാക്കാത്തെ ഒറ്റമുറിയിലെ ദാരിദ്യത്തില്‍ വീര്‍പ്പടക്കി,വിശപ്പടക്കി കഴിഞ്ഞു.
1972 സെപ്റ്റംബര്‍ ഒമ്പതിന് റിലീസ് ചെയ്ത ‘നൃത്തശാല’യിലാണ് ആദ്യം തിരശ്ശീലയിലെത്തിയത്. അതായിരുന്നു പട്ടിണിക്കാലത്തെ സിനിമാ മോഹത്തിലേക്കുള്ള ആദ്യവാതില്‍. പൊള്ളുന്ന വെയിലിലും സ്റ്റുഡിയോ ലൈറ്റുകള്‍ക്ക് മുന്നിലും ഇന്നസെന്റ് ജീവിച്ചു. ഉറച്ച വിശ്വാസവും എന്തും നേരിടാനുള്ള ധൈര്യവും അയാളെ വളര്‍ത്തി. 1973ല്‍ മൂന്ന് സിനിമകളിലഭിനയിച്ചെങ്കില്‍ എണ്‍പതുകളുടെ മധ്യത്തില്‍ വര്‍ഷം തോറും 40 സിനിമകളായത് വര്‍ധിച്ചു. മഴവില്‍ക്കാവടി, രാംജിറാവു സ്പീക്കിംഗ്, കിലുക്കം, ദേവാസുരം, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, രാവണപ്രഭു, ഹിറ്റ്ലര്‍, മനസ്സിനക്കരെ… ഇങ്ങനെ എത്രയോ എണ്ണം പറഞ്ഞ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹരമായി ഇന്നസെന്റ് മാറി.
ഒടുവില്‍ അഭിനേതാക്കളുടെ സംഘടനയെയും ഒരു പതിറ്റാണ്ടിലധികം നയിച്ചു. ചാലക്കുടിയില്‍ നിന്ന് ഇടത് സ്ഥാനാര്‍ത്ഥിയായും ജയിച്ച് കയറി. രോഗം വന്നും പോയും പല തരത്തില്‍ വിരട്ടാന്‍ നോക്കിയപ്പോഴും ഇന്നസെന്റ് നിന്നു ചിരിച്ചു. സങ്കടത്തിന്റെ മരുഭൂമിക്കപ്പുറത്ത് സമാധാനത്തിന്റേയും സന്തോഷത്തിന്റേയും ജലാശയങ്ങളുണ്ടെന്ന് പ്രത്യാശയുടെ പുസ്തകം മലയാളിക്ക് മുന്നില്‍ തുറന്ന് വെച്ചാണ് ഈ മനുഷ്യന്‍ ഒടുവില്‍ നടന്നകലുന്നത്.