Connect with us

Ongoing News

പ്രൊഫഷണല്‍ ഹോക്കിയോട് വിട; വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ റാണി രാംപാല്‍

16 വര്‍ഷത്തെ തിളക്കമേറിയ കരിയറിനാണ് താരം അന്ത്യം കുറിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | പ്രൊഫഷണല്‍ ഹോക്കിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ റാണി രാംപാല്‍. 16 വര്‍ഷത്തെ തിളക്കമേറിയ കരിയറിനാണ് താരം അന്ത്യം കുറിച്ചത്. 21 മാസത്തോളമായി ടീം ഇന്ത്യക്ക് പുറത്താണ് റാണി രാംപാല്‍. ടീം മാനേജ്‌മെന്റുമായി ഉണ്ടായ അഭിപ്രായ ഭിന്നതകളാണ് താരത്തെ പുറത്തിരുത്തിയത്. 2021ലെ ടോക്യോ ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യന്‍ സ്‌ക്വാഡിനെ നാലാം സ്ഥാനത്തെത്തിക്കുന്നതില്‍ ഉജ്ജ്വല നേതൃത്വമാണ് റാണി രാംപാല്‍ നല്‍കിയത്.

ദാരിദ്ര്യത്തെയും യാഥാസ്ഥിതിക മനോഭാവങ്ങളെയും ചെറുത്തു തോല്‍പ്പിച്ചാണ് ഹരിയാനയിലെ ചെറു പട്ടണത്തില്‍ നിന്ന് റാണി രാംപാല്‍ നേട്ടങ്ങളോരോന്നായി വെട്ടിപ്പിടിച്ചത്. അവസാനം അത് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വരെ ചെന്നെത്തി. കാളവണ്ടി വലിക്കുന്ന ജോലിയായിരുന്നു റാണിയുടെ പിതാവിന്.

മികവുറ്റ ഒരു യാത്രയായിരുന്നു അത്. ഇന്ത്യക്ക്് വേണ്ടി ദീര്‍ഘകാലം കളിക്കാന്‍ കഴിയുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കുട്ടിക്കാലം മുതല്‍ ഏറെ ദരിദ്രമായ ചുറ്റുപാടിലാണ് ഞാന്‍ വളര്‍ന്നത്. എന്നാല്‍, രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന് എന്തെങ്കിലും ചെയ്യണമെന്നതിലായിരുന്നു എന്റെ ശ്രദ്ധ മുഴുവന്‍.’-റാണി പറഞ്ഞു. നിങ്ങള്‍ക്ക് നിങ്ങളില്‍ തന്നെ വിശ്വാസമില്ലെങ്കില്‍ ആരും നിങ്ങളെ വിശ്വസിക്കില്ലെന്നും റാണി രാംപാല്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് ആന്‍ഡ് ഹരിയാന സൂര്‍മ വനിതാ ഹോക്കി ക്ലബിന്റെ മെന്ററും കോച്ചുമായിരിക്കും ഇനി മുതല്‍ 29കാരിയായ താരം.

 

 

Latest