National
ഇന്ത്യയിൽ 29 ലക്ഷം പരസ്യ അക്കൗണ്ടുകൾ റദ്ദാക്കി ഗൂഗിൾ; നീക്കം ചെയ്തത് 24.74 കോടി പരസ്യങ്ങൾ
ആഗോളതലത്തിൽ റദ്ദാക്കിയത് 3.92 കോടിയിലധികം പരസ്യദാതാക്കളുടെ അക്കൗണ്ടുകൾ

ന്യൂഡൽഹി | 2024 ൽ ഇന്ത്യയിൽ 29 ലക്ഷം പരസ്യദാതാക്കളുടെ അക്കൗണ്ടുകൾ റദ്ദാക്കിയതായും, 24.74 കോടി പരസ്യങ്ങൾ നീക്കം ചെയ്തതായും ഇന്റർനെറ്റ് ഭീമൻ ഗൂഗിൾ. തങ്ങളുടെ പരസ്യ നയങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് ബുധനാഴ്ച പുറത്തിറക്കിയ വാർഷിക പരസ്യ സുരക്ഷാ റിപ്പോർട്ടിൽ ഗൂഗിൾ അറിയിച്ചു.
ആഗോളതലത്തിൽ 3.92 കോടിയിലധികം പരസ്യദാതാക്കളുടെ അക്കൗണ്ടുകൾ ഗൂഗിൾ റദ്ദാക്കുകയും, 510 കോടി പരസ്യങ്ങൾ നീക്കം ചെയ്യുകയും, 910 കോടിയിലധികം പരസ്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
തട്ടിപ്പുകൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യദാതാക്കളുടെ അക്കൗണ്ടുകൾ റദ്ദാക്കുന്നതിനായി തെറ്റിദ്ധാരണാജനകമായ നയം പുതുക്കിയത് പോലുള്ള പ്രതിരോധ നടപടികൾ വികസിപ്പിക്കാൻ 100 ലധികം വിദഗ്ധരുടെ ടീം പ്രവർത്തിച്ചതായി ഗൂഗിൾ അറിയിച്ചു. ഇതിന്റെ ഫലമായി 7 ലക്ഷത്തിലധികം തെറ്റായ പരസ്യദാതാക്കളുടെ അക്കൗണ്ടുകൾ സ്ഥിരമായി റദ്ദാക്കിയിട്ടുണ്ട്.