National
ഗൂഗിള്‍ പേ, ഫോണ്‍ പേ സേവനങ്ങള്‍ നിശ്ചലമായി; ഓണ്‍ലൈ ഇടപാടുകള്‍ മുടങ്ങി
സാങ്കേതിക തകരാറാണ് യുപിഐ സേവനങ്ങള്‍ മുടങ്ങാന്‍ കാരണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും അധികൃതര്‍
ന്യൂഡല്‍ഹി | ഓണ്‍ലൈന്‍ പേമന്റ് ആപ്പുകളായ ഗൂഗിള്‍പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവ നിശ്ചലമായതിനെ തുടര്‍ന്ന് ഇടപാടുകള്‍ മുടങ്ങി. ഞായറാഴ്ച വൈകീട്ടോടെയാണ് യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് അധിഷ്ടിത ആപ്പുകള്‍ പ്രവര്‍ത്തന രഹിതമായത്. ഇതോടെ പണമിടപാടുകള്‍ നടത്താനാകാതെ പലരും ബുദ്ധിമുട്ടി. ട്വിറ്ററില്‍ ഇതുസംബന്ധിച്ച നിരവധി ട്വീറ്റുകളാണ് വരുന്നത്.
പരാതി വ്യാപകമായതോടെ പ്രതികരണവുമായി എന്‍സിപിഐ രംഗത്തെത്തി. സാങ്കേതിക തകരാറാണ് യുപിഐ സേവനങ്ങള്‍ മുടങ്ങാന്‍ കാരണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
നോട്ട് നിരോധനത്തിന് പിന്നാലെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നത് ഇത്തരം ആപ്പുകളുടെ പ്രചാരം കൂട്ടിയിരുന്നു. ചെറുകിട വ്യാപാരികള്‍ വരെ ഇപ്പോള്‍ യുപിഐ അധിഷ്ടിത ഇടപാട് പ്രയോജനപ്പെടുത്തുന്നതിനാല്‍ ഇടപാടുകളില്‍ ഭൂരിഭാഗവും ഓണ്‍ലൈനായി മാറിക്കഴിഞ്ഞു.