National
ഗൂഗിള്‍ പിക്‌സല്‍ 7 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്ക്
പിക്‌സല്‍ 7 സീരീസില്‍ പിക്‌സല്‍ 7എ, പിക്‌സല്‍ 7, പിക്‌സല്‍ 7 പ്രോ എന്നീ മൂന്ന് മോഡലുകള്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി| 2021 ഒക്ടോബറിലാണ് ഗൂഗിള്‍ പിക്‌സല്‍ 6 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ ആഗോള വിപണിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഈ ഹാന്‍ഡ്‌സെറ്റുകള്‍ ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ എത്തിയിട്ടില്ല. എന്നാല്‍ ഗൂഗിള്‍ പിക്‌സല്‍ 7 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ രാജ്യത്ത് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പിക്‌സല്‍ 7 സീരീസിന്റെ സ്മാര്‍ട്ട്‌ഫോണുകളിലൊന്ന് ഇന്ത്യയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഗൂഗിള്‍ പിക്‌സല്‍ 7 ലൈനപ്പിന്റെ ഭാഗമാണെന്ന് കരുതുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ബിഐഎസ് ലിസ്റ്റിങില്‍ കണ്ടെത്തിയിട്ടുണ്ട്.
ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ വെബ്സൈറ്റില്‍ ജിഎക്‌സ്7എസ് എന്ന മോഡല്‍ നമ്പറുള്ള ഒരു പിക്സല്‍ സ്മാര്‍ട്ട്‌ഫോണ്‍ കണ്ടെത്തിയതായി മൈസ്മാര്‍ട്ട്‌പ്രൈസ് എന്ന ടെക് ന്യൂസ് വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഡല്‍ നമ്പര്‍ ജിഎക്‌സ്7എഎസ് മൂന്ന് സെറ്റുകളിലായി നിര്‍മ്മിക്കപ്പെടുമെന്നും ഈ ഡിവൈസുകള്‍ ഗൂഗിള്‍ പിക്‌സല്‍ 7 ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഗൂഗിളിന്റെ ഭാഗത്ത് നിന്നും യാതൊരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
വരാനിരിക്കുന്ന പിക്‌സല്‍ 7 സീരീസില്‍ പിക്‌സല്‍ 7എ, പിക്‌സല്‍ 7, പിക്‌സല്‍ 7 പ്രോ എന്നീ മൂന്ന് മോഡലുകള്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചനകള്‍. ഇതും ഔദ്യോഗികമായി വ്യക്തമായിട്ടില്ല. വരാനിരിക്കുന്ന പിക്‌സല്‍ 7 സ്മാര്‍ട്ട്‌ഫോണിന്റെ റെന്‍ഡറുകള്‍ അടുത്തിടെ ഓണ്‍ലൈനില്‍ കണ്ടെത്തിയിരുന്നു. ഈ സ്മാര്‍ട്ട്‌ഫോണ്‍ മുന്‍ഗാമിയായ പിക്‌സല്‍ 6നെ അപേക്ഷിച്ച് വലിയ ബാറ്ററിയാണ് പായ്ക്ക് ചെയ്യുക. ഗൂഗിള്‍ പിക്‌സല്‍ 7 സ്മാര്‍ട്ട്‌ഫോണ്‍ ഒരു പുതിയ ടെന്‍സര്‍ ചിപ്പില്‍ ആയിരിക്കും പ്രവര്‍ത്തിക്കുക എന്നും സൂചനകള്‍ ഉണ്ട്. ഈ ഡിവൈസില്‍ 512 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജ് ഓപ്ഷനും ഉണ്ടായിരിക്കും. ഗൂഗിള്‍ പിക്‌സല്‍ 7 പിക്‌സല്‍ 6നേക്കാള്‍ ചെറുതാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.