Techno
ഗൂഗിള്‍ പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയിലെത്തി
പിക്സല്‍ 8 സ്മാര്‍ട്ട്‌ഫോണിന്റെ വില ആരംഭിക്കുന്നത് 75,999 രൂപ മുതലാണ്
ന്യൂഡല്‍ഹി| ഗൂഗിള്‍ പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യയില്‍ വിപണിയില്‍ അവതരിപ്പിച്ചു. ഏഴ് വര്‍ഷത്തെ സുരക്ഷാ അപ്‌ഗ്രേഡുകളും ഒഎസ് അപ്‌ഡേറ്റുമാണ് ഈ ഫോണുകള്‍ക്ക് ലഭിക്കുന്നത്. പിക്സല്‍ 8 സ്മാര്‍ട്ട്‌ഫോണിന്റെ വില ആരംഭിക്കുന്നത് 75,999 രൂപ മുതലാണ്. പിക്സല്‍ 8 പ്രോ സ്മാര്‍ട്ട്‌ഫോണിന് 1,06,999 രൂപയാണ് വില. രണ്ട് ഡിവൈസുകളും ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ സ്വന്തമാക്കാം.
ഗൂഗിള്‍ പിക്‌സല്‍ 8 സ്മാര്‍ട്ട്‌ഫോണില്‍ 6.2 ഇഞ്ച് ഒഎല്‍ഇഡി ഡിസ്‌പ്ലെയാണുള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 2,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസമുള്ള ഈ ഡിസ്‌പ്ലെയ്ക്ക് സുരക്ഷയ്ക്കായി ഗൊറില്ല ഗ്ലാസ് വിക്ടസും നല്‍കിയിട്ടുണ്ട്. ഫോണിന് കരുത്ത് നല്‍കുന്നത് ഗൂഗിളിന്റെ ടെന്‍സര്‍ ജി3 ചിപ്സെറ്റാണ്. 27ഡബ്ല്യു ഫാസ്റ്റ് വയേഡ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 4,575എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്. 18ഡബ്ല്യു വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടും ഫോണിലുണ്ട്.
പിക്‌സല്‍ 8 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ 6.7 ഇഞ്ച് ക്യുഎച്ച്ഡി+ 120 ഹെര്‍ട്‌സ് എല്‍ടിപിഒ ഒഎല്‍ഇഡി ഡിസ്പ്ലയുമായിട്ടാണ് എത്തുന്നത്. 2,400 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനുമുള്ള ഡിസ്‌പ്ലെയാണ് ഇത്. പിക്‌സല്‍ 8 പ്രോ സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ ടെന്‍സര്‍ ജി3 എസ്ഒസിയാണുള്ളത്. 30ഡബ്ല്യു വയേഡ് ചാര്‍ജിങ്, 23ഡബ്ല്യു വയര്‍ലെസ് ചാര്‍ജിങ് സപ്പോര്‍ട്ടുകളുള്ള 5,050എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ നല്‍കിയിട്ടുള്ളത്.
പുതിയ പിക്‌സല്‍ ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രീ-ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്. പിക്‌സല്‍ 8 വാങ്ങുന്നവര്‍ക്ക് ഐസിഐസിഐ ബേങ്ക്, കൊട്ടക് ബേങ്ക്, ആക്‌സിസ് ബേങ്ക് കാര്‍ഡുകള്‍ക്ക് 8,000 രൂപ കിഴിവ് ലഭിക്കും. പിക്‌സല്‍8 പ്രോ വാങ്ങുന്നവര്‍ക്ക് 9,000 രൂപ കിഴിവും ലഭിക്കും.