National
അപകടത്തിലേക്ക് നയിച്ച വഴി മാപ്പിൽ നിന്ന് നീക്കി ഗൂഗിൾ
സംഭവത്തിൽ ഗൂഗിൾ മാപ്സ് ജീവനക്കാരനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ന്യൂഡൽഹി | ഗൂഗിൾ മാപ്പ് പിന്തുടർന്ന് വാഹനമോടിച്ച് നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ പ്രസ്തുത റോഡ് മാപ്പിൽ നിന്ന് നീക്കി ഗൂഗിൾ. തകർന്ന പാലത്തിലേക്ക് എത്തിച്ചേരുന്ന റോഡാണ് ഗൂഗിൾ നീക്കിയത്. ഈ റോഡ് ഇപ്പോൾ മാപ്പിലില്ലെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
സംഭവത്തിൽ ഗൂഗിൾ മാപ്സ് ജീവനക്കാരനെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ ഗൂഗിൾ വക്താവ്, അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ഉത്തർപ്രദേശിലെ ബറേലി ജില്ലയില്‍ ഒരു വിവാഹ പാർട്ടി സഞ്ചരിച്ച കാർ ഞായറാഴ്ച പുലർച്ചെയാണ് അപകടത്തിൽപെട്ടത്. ഗൂഗിൾ മാപ് നോക്കി വാഹനമോടിച്ച ഡ്രെവർ പണി പൂർത്തിയാകാത്തെ പാലത്തിൽ പ്രവേശിക്കുകയായിരുന്നു. പാതി വഴി മാത്രം പൂർത്തിയായ പാലത്തിലൂടെ ഓടിച്ച കാർ രാംഗംഗ നദിയിലേക്ക് മറിയുകയും ചെയ്തു. 50 അടിയോളം താഴ്ചയിലേക്കാണ് കാര്‍ വീണത്.
റോഡിൽ പി ഡ ബ്ല്യൂഡി അധികൃതർ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നില്ല. ഇതും അപകടത്തിലേക്ക് നയിച്ചതായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. എന്നാൽ ചെറിയൊരു മതിൽ പി ഡ ബ്ല്യൂ ഡി റോഡിൽ സ്ഥാപിച്ചിരുന്നുവെന്നും ചിലർ അത് തകർക്കുകയായിരുന്നുവെന്നുമാണ് പി ഡബ്ലൂ ഡി അധികൃതരുടെ വാദം.