Ongoing News
സജീവമല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ ഗൂഗിൾ നീക്കം ചെയ്യുന്നു
സൈബർ കുറ്റവാളികൾ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നത് തടയാനായാണ് നീക്കമെന്ന് ഗൂഗിൾ
ന്യൂഡൽഹി | ഉപയോഗത്തിലില്ലാത്ത അക്കൗണ്ടുകൾ ഡീലിറ്റ് ചെയ്യുന്ന പുതിയ നിഷ്‌ക്രിയത്വ നയം ഗൂഗിൾ പുറത്തിറക്കി. ഡിസംബർ 1 മുതൽ നിഷ്ക്രിയമായ അക്കൗണ്ടുകൾ നീക്കം ചെയ്യും. സൈബർ കുറ്റവാളികൾ അക്കൗണ്ട് ദുരുപയോഗം ചെയ്യുന്നത് തടയാനായാണ് നീക്കമെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു.
ഗൂഗിൾ അക്കൗണ്ടുകളുടെ നിഷ്‌ക്രിയ കാലയളവ് രണ്ട് വർഷമായി അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. അത്തരം അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കാമെന്നാണ് ഗൂഗിൾ പറയുന്നത്. മാത്രമല്ല, ഈ പഴയ അക്കൗണ്ടുകളിൽ ടു-ഫാക്ടർ ഒതന്റിക്കേഷൻ സെറ്റ്-അപ്പ് ചെയ്തിട്ടില്ലെങ്കിൽ ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ അപകടത്തിലാണെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.
രണ്ട് വർഷമായി നിങ്ങളുടെ ഏതെങ്കിലും ഗൂഗിൾ അക്കൗണ്ടിൽ സൈൻ-ഇൻ ചെയ്‌തിട്ടില്ലെങ്കിലാണ് അവ ഡീലിറ്റ് ചെയ്യപ്പെടുക. എന്നാൽ ജിമെയിൽ, ഡ്രൈവ്, ഡോക്സ്, ഫോട്ടോസ്, മീറ്റ്, കലണ്ടർ തുടങ്ങിയ സേവനങ്ങളിൽ നിന്ന് അക്കൗണ്ടും ഡാറ്റയും ഇല്ലാതാക്കുന്നതിന് മുമ്പ്, നിങ്ങളുടെ അതേ ഇ-മെയിൽ ഐഡിയിലേക്കും ബാക്കപ്പ് ഇമെയിൽ വിലാസത്തിലേക്കും വിവിധ ഘട്ടങ്ങളിലായി ഗൂഗിൾ ഇമെയിലുകൾ അയക്കും.
രണ്ട് വർഷത്തിലൊരിക്കലെങ്കിലും അക്കൗണ്ട് ലോഗിൻ ചെയ്യുക എന്നതാണ് അക്കൗണ്ട് നിലനിർത്താൻ വേണ്ടത്. ഗൂഗിൾ ഡ്രൈവ് ഉപയോഗിക്കുകയോ, യൂട്യൂബിൽ വിഡിയോ സെർച്ച് ചെയ്യുകയോ കാണുകയോ ചെയ്താലും മതി. എന്നാൽ ഓതന്റിക്കേഷൻ വേണ്ടതില്ലാത്ത മറ്റുള്ള വെബ്സൈറ്റുകളിൽ ആ മെയിൽ ഐഡി ഉപയോഗിച്ച് സൈൻ ഇൻ ചെയ്യാനായേക്കും.
അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട ഡാറ്റ ഡൗൺലോഡ് ചെയ്യാൻ ‘Google Takeout’ സേവനം ഉപയോഗിക്കാവുന്നതാണ്.
നിങ്ങളുടെ അക്കൗണ്ട് എങ്ങനെ സജീവമായി നിലനിർത്താം
ഉപയോക്താക്കൾക്ക് അവരുടെ അക്കൗണ്ടുകൾ സജീവമായി നിലനിർത്താൻ സഹായിക്കുന്ന ചില ലളിതമായ മാർഗ്ഗങ്ങൾ Google വ്യക്തമാക്കുന്നു
- ഇ-മെയിൽ വായിക്കുകയോ അയയ്ക്കുകയോ ചെയ്യുക
- Google ഡ്രൈവ് ഉപയോഗിക്കുക
- YouTube വീഡിയോ കാണുക
- ഫോട്ടോ പങ്കിടുക
- ആപ്പ് ഡൗൺലോഡ് ചെയ്യുക
- Google Search ഉപയോഗിക്കുക
- മൂന്നാം കക്ഷി ആപ്പിലേക്കോ സേവനത്തിലേക്കോ സൈൻ ഇൻ ചെയ്യാൻ Google ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.