Connect with us

Business

എയര്‍ടെലില്‍ 7500 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഗൂഗിള്‍

ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിന്റെ ഭാഗമായാണ് നിക്ഷേപം.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലില്‍ 100 കോടി ഡോളര്‍ (7,500 കോടിയ്ക്കും മുകളില്‍) നിക്ഷേപിക്കാനൊരുങ്ങി ആഗോള ടെക് ഭീമനായ ഗൂഗിള്‍. ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിന്റെ ഭാഗമായാണ് നിക്ഷേപം. ഇരുകമ്പനികളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്ന ദീര്‍ഘകാലത്തേക്കുള്ള ഇടപാടായിരിക്കും ഇത്. 5ജിയുടെ വിവിധങ്ങളായ ഉപയോഗ സാധ്യതകള്‍ ഇരു കമ്പനികളും ചേര്‍ന്ന് അന്വേഷിക്കും. ഒപ്പം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ക്ലൗഡ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്.

700 കോടി ഡോളറിന്റെ നിക്ഷേപത്തിന് പകരമായി 1.28 ശതമാനം ഓഹരി പങ്കാളിത്തം എയര്‍ടെല്‍ ഗൂഗിളിന് നല്‍കും. ബാക്കിയുള്ള 300 കോടി ഡോളര്‍ മറ്റ് കരാറുകളുമായി ബന്ധപ്പെടുള്ളതാണ്. ഇന്ത്യക്കാര്‍ക്കിടയില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണിന് പ്രചാരം വര്‍ധിപ്പിക്കാനുള്ള പരിപാടികളും ഈ കരാറുകളുടെ ഭാഗമാണ്. കുറഞ്ഞ നിരക്കിലുള്ള ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഇരു കമ്പനികളും ചേര്‍ന്ന് വിവിധ സ്മാര്‍ട്ഫോണ്‍ നിര്‍മാണ കമ്പനികളുടെ പിന്തുണയോടെ ഇന്ത്യക്കാരിലെത്തിക്കും.

അതേസമയം റിലയന്‍സ് ജിയോയിലും ഗൂഗിള്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എയര്‍ടെലിലും നിക്ഷേപം നടത്തിയതിലൂടെ ഇന്ത്യയിലെ രണ്ട് മുന്‍നിര ടെലികോം കമ്പനികളില്‍ ഗൂഗിളിന് ഓഹരി പങ്കാളിത്തം ലഭിക്കും. ഇരു കമ്പനികളുടെയും ഭാവി പദ്ധതികള്‍ക്ക് അധികൃതരില്‍ നിന്നുള്ള അനുമതികള്‍ കൂടി ലഭിക്കേണ്ടതായുണ്ട്.

 

Latest