gmail
'ഹെൽപ് മി റൈറ്റ്': ജിമെയിലിൽ എ ഐ അധിഷ്ഠിത ഫീച്ചറുമായി ഗൂഗിൾ
എല്ലാ ജിമെയിൽ ഉപയോക്താക്കൾക്കും ലഭ്യമാകുന്ന സൗജന്യ ഫീച്ചറാണിത്.
ഗൂഗിളിന്റെ ഏറ്റവും മികച്ച സേവനമായ ജിമെയിൽ കൂടുതൽ ഫീച്ചറുകളുമായി വരുന്നു. ഇന്റർനെറ്റ് ഉപയോക്താക്കളിൽ മിക്കവരും ഉപയോഗിക്കുന്ന ജിമെയിലിൽ വലിയ മാറ്റങ്ങളാണ് വരുന്നത്. ദിവസങ്ങൾക്കുള്ളിൽ പുതിയ ജിമെയിൽ ഫീച്ചറുകൾ ഉപയോഗിക്കാം.
പുതിയ എ ഐ അധിഷ്ഠിത ‘ഹെൽപ് മി റൈറ്റ്’ സവിശേഷതയാണ് ജിമെയിലിൽ വരുന്നത്. ഇതിലൂടെ ഉയോക്താവിന് വേഗത്തിലും എളുപ്പത്തിലും ഇമെയിൽ തയ്യാറാക്കാം. കഴിഞ്ഞ ദിവസമാണ് പുതിയ ഫീച്ചർ ഗൂഗിൾ പ്രഖ്യാപിച്ചത്. “ഹെൽപ് മി റൈറ്റ്” എന്ന് പേരിട്ട പുതിയ ഫീച്ചർ, ഉപയോക്താവ് നൽകുന്ന ചെറിയ വിവരത്തെ കൃത്രിമബുദ്ധി അടിസ്ഥാനമാക്കി ഇമെയിൽ ഡ്രാഫ്റ്റ് ചെയ്യാൻ സൗകര്യം നൽകും. പുതിയ ഫീച്ചർ സംബന്ധിച്ച പരിപാടിയിൽ വെച്ച് ഗൂഗിൾ സി ഇ ഒ സുന്ദർ പിച്ചൈ, വിമാന ടിക്കറ്റ് റീഫണ്ട് ചെയ്യാൻ വിമാന കമ്പനിയോട് ഇമെയിൽ വഴി ആവശ്യപ്പെടുന്നത് ഉദാഹരണമായി കാണിച്ചു. എ ഐ ടൂൾ ഉപയോഗിച്ചാണ് റീഫണ്ട് ആവശ്യപ്പെടുന്ന മുഴുവൻ ഇമെയിലും തയ്യാറാക്കിയത്. മാത്രമല്ല, ഇമെയിലിനെ ഔപചാരികമാക്കുന്നതും ചെറുതാക്കുന്നതും വിശദമാക്കുന്നതും പരിഷ്കരിക്കുന്നതിനുമുള്ള അധിക സവിശേഷതകളും ഇതിന്റെ ഭാഗമായി വരും.
നല്ല നിലയിൽ ഇമെയിലുകൾ എഴുതാൻ പ്രയാസം നേരിടുന്നവർക്ക്, ഹെൽപ്പ് മി റൈറ്റ് വലിയ സഹായമാകും. ഫോളോ- അപ്പ് ഇമെയിലുകൾ, ജോലി അപേക്ഷകൾക്കുള്ള കവർ ലെറ്ററുകൾ, മീറ്റിംഗ് ഷെഡ്യൂൾ, നന്ദി അറിയിക്കൽ തുടങ്ങി വിവിധ കാര്യങ്ങളിൽ കാര്യക്ഷമമായ ഇമെയിൽ സൃഷ്ടിക്കാൻ ഉപയോക്താക്കളെ സഹായിക്കും. ജിമെയിലിന്റെ സ്‌മാർട്ട് മറുപടി, സ്‌മാർട്ട് കമ്പോസ് ഫീച്ചറുകൾ എന്നിവയുടെ ഒരു വിപുലീകരണമായാണ് പുതിയ സംവിധാനം. കൂടുതൽ പ്രൊഫഷനലായി തോന്നുന്ന ഇമെയിലുകൾ സൃഷ്ടിക്കാനും സഹായിക്കും. നിങ്ങളുടെ ഇമെയിൽ ടെംപ്ലേറ്റുകളുടെ ട്രാക്ക് സൂക്ഷിക്കുന്നതുൾപ്പെടെ ബാക് ഗ്രൗണ്ട് പ്രവർത്തനവും നടത്തും. എല്ലാ ജിമെയിൽ ഉപയോക്താക്കൾക്കും ലഭ്യമാകുന്ന സൗജന്യ ഫീച്ചറാണിത്. പുതിയ ഫീച്ചർ ജിമെയിലിൽ എപ്പോൾ ലഭ്യമാവുമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടില്ല.
ഉപയോക്താക്കൾക്ക് ധാരാളം സമയവും പരിശ്രമവും ലാഭിക്കാൻ കഴിയും. എ ഐ ഉപയോഗിച്ചുള്ള മികച്ച സേവനങ്ങൾ നൽകാൻ ഗൂഗിൾ നിരന്തരം പഠനങ്ങളും മെച്ചപ്പെടുത്തലും നടക്കുന്നുണ്ട്. ഭാവിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനാണ് ടെക് ഭീമൻ ശ്രമിക്കുന്നത്. അതേസമയം ഇത്തരം യന്ത്രാധിഷ്ഠിത സൗകര്യങ്ങൾ വരുന്നതോടെ ആളുകളുടെ യഥാർത്ഥ ക്രിയേറ്റിവിറ്റിയും കഴിവുകളും പതിയെ ഇല്ലാതാവുമെന്ന് ഭയപ്പെടുന്നവരുമുണ്ട്. നേരത്തെേ നിരവധി ഫോൺ നമ്പറുകൾ ഓർമയിൽ സൂക്ഷിച്ചവരെ ഇപ്പോൾ അത്യാവശ്യ നമ്പറുകൾക്ക് പോലും മൊബൈലിനെയും മറ്റും ആശ്രയിക്കേണ്ടി വരുന്നത് ചൂണ്ടിക്കാണിക്കുകയാണ് ഇവർ.