Kerala
കോഴിക്കോട് നാദാപുരത്ത് വീട്ടില്‍ കയറി ഗുണ്ടാ സംഘത്തിന്റെ ആക്രമണം; ഒരാള്‍ പിടിയില്‍
കോഴിക്കോട് | കോഴിക്കോട് നാദാപുരത്ത് ഗുണ്ടാ സംഘത്തിന്റെ വിളയാട്ടം. വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം വീട്ടുകാരെയും പിന്നീട് നാട്ടുകാരെയും ആക്രമിച്ചു. കണ്ണൂരില്‍ നിന്നെത്തിയ എട്ടംഗ സംഘമാണ് ഇന്നലെ വൈകീട്ട് നാദാപുരം തണ്ണീര്‍പ്പന്തല്‍ കടമേരി റോഡിലെ പാലോറ നസീറിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ നിയാസ്, മാതാവ് പാത്തു, ഭാര്യ ആയിഷ എന്നിവര്‍ക്ക് പരുക്കേറ്റു.
ശബ്ദം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസി അബ്ദുല്ലക്കും മര്‍ദനമേറ്റു. ഇയാളുടെ കാലിന്റെ എല്ലൊടിഞ്ഞു. മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തിയപ്പോഴാണ് അക്രമിസംഘം സ്ഥലം വിട്ടത്. അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന നാല് പേരടക്കം എട്ട് പേര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.
അക്രമി സംഘത്തിലെ ഒരാളെ പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കണ്ണൂര്‍ നാറാത്ത് സ്വദേശി ഷഹദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ എത്തിയ രണ്ടു വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടങ്ങി.
സാമ്പത്തിക തര്‍ക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നസീറിന്റെ മകന്‍ നിയാസുമായുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംസാരിക്കാനെന്ന് പറഞ്ഞാണ് സംഘം വീട്ടിലെത്തിയത്. അടുത്തിടെ മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തയാളാണ് നിയാസ്. വീട്ടിലെത്തിയ ഗുണ്ടാ സംഘവും നിയാസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.