Connect with us

prathivaram story

ദുഃഖം ചവർക്കുന്ന നെല്ലിക്ക

മനസ്സിൽ ചേർത്തുനിർത്തുന്ന ചില ബന്ധങ്ങളുണ്ട്... മറക്കുവോളമല്ല മരിക്കുവോളം...

Published

|

Last Updated

ദ്റസയിൽ നിന്നും ഉയർന്നു കേൾക്കുന്ന മദ്ഹ് പാട്ടിന്റെയും മൗലിദിന്റെയും നേർത്ത ഈരടികൾ ചെവി രണ്ടും പൊത്തിപ്പിടിച്ചു തലയിണയിൽ മുഖം പൂഴ്ത്തിക്കിടന്നിട്ടും ഹസീബന്റെ കാതിലെത്തി.

അസഹ്യതയോടെ വിങ്ങിക്കരഞ്ഞുകൊണ്ടവൾ ഫാനിന്റെ സ്പീഡ് കൂട്ടി.
“പടച്ചോനെ ന്റെ റാനിനെ നീ സ്വർഗത്തിലാക്കണേ… ‘
നെഞ്ചുപൊട്ടി നാഥനോട് അവൾക്കായ് തേടവേ കരച്ചിൽ തൊണ്ടയിൽ വന്ന് മുറവിളികൂട്ടി.
“ഹസ്യേ… എത്ത് കിടപ്പാത്… ജാഥക്ക്ള്ള പായസം വിളമ്പാൻ കൂട്… അപ്പുറത്തുള്ളോലൊക്കെ വന്ന്… ഇജ്ജ്ങ്ങനെ കിടക്കണേ കണ്ടാ ഓലന്താ വിചാരിക്കാ… ‘
” നിക്ക് വയ്യമ്മാ…ന്റെ നെഞ്ച് പൊട്ടാണ്…’
റൂമിന്റെ വാതിൽക്കൽ വന്ന് അജ്മൽക്കാന്റെ ഉമ്മ വിളിച്ചിട്ടും ഹസീബക്ക് എഴുന്നേൽക്കാൻ തോന്നിയില്ല.
“എല്ലാ കൊല്ലും ഇങ്ങനെ കിടന്ന് കരഞ്ഞാ മരിച്ചോള് പള്ളിക്കാട്ടീന്നെണീറ്റ് വരല്ലോ…’
വീണ്ടും എന്തൊക്കെയോ പിറുപിറുത്ത് വാതിലടച്ചു കൊണ്ടവർ പോയതും ഹസീബയുടെ കണ്ണുകളിൽ വീണ്ടുമാ മദ്റസാ കാലം തെളിഞ്ഞുവന്നു.
നൂറുൽ ഇസ്്ലാം സുന്നി മദ്റസയുടെ മുറ്റത്ത് കഥ പറഞ്ഞു നിൽക്കുന്ന കൂട്ടുകാരികളാരൊക്കെയാണ്…
ഹസീബയും റാനിയയും.

പഠിക്കാൻ മിടുക്കിയായിരുന്നു റാനിയ. പലപ്പോഴും ഉത്തരം പറഞ്ഞു തന്ന് സദറുസ്താദിന്റെ ചൂരലിൽ നിന്നും തന്നെ രക്ഷിക്കുന്നതവളാണ്. അവൾക്കായി എത്രയെത്ര പാട്ടുകളാണവൾ തന്നെക്കൊണ്ട് പാടിച്ചത്.
“ന്റെ ഹസീ…അന്റെ മൊഞ്ചും പാട്ടും കാണുമ്പോ ഇൻക്ക് ഹുസ്നുൽ ജമാലിനെയാ ഓർമവരണേ… അന്നെ ഞാനിന്റെക്കാക്കന്റെ പെണ്ണായിട്ട് കൊണ്ടോവും… നിങ്ങളെ രണ്ടാളീം പാട്ടാവുമ്പോൾ ന്റെ വീട് സ്വർഗാവും…’

മദ്്റസയിലെ മികച്ച പാട്ടുകാരൻ റാസിക്കിന്റെ ഒരേയൊരു പെങ്ങളാണ് റാനിയ. അവരുടെ സാഹോദര്യ സ്നേഹം ആരെയും കൊതിപ്പിക്കുന്നതായിരുന്നു.
റാനിയന്റെ മുഖം വാടുമ്പോഴേക്കും റാസിക്കിന്റെ കണ്ണുകളിൽ നീർത്തിളക്കം പൊടിയുന്നത് പലപ്പോഴും ഹസീബ തന്നെ കണ്ടിട്ടുണ്ട്.

ഏഴാം ക്ലാസിലെ നബിദിനത്തിന്റെയന്നാണ് തന്റെ ജീവിതത്തിലും കരിനിഴൽ വീണത്.
അന്ന് ഏഴ് മണിയാകുമ്പോഴേക്കും റാനിയ തന്റെ വീട്ടുമുറ്റത്തെത്തിയിരുന്നു.
കറുപ്പിൽ ചുവന്ന പൂക്കളുള്ള ഒരു ഉടുപ്പാണവൾ ധരിച്ചിരുന്നത്.
” ഉപ്പച്ചി മീലാദിന് വാങ്ങിത്തന്നതാ… രസണ്ടോ…’

അവളുടെ സംസാരത്തിലെപ്പോഴും ഒരു കുട്ടിത്തം നിറഞ്ഞുനിന്നിരുന്നു. മീൻകാരൻ ബഷീർക്കാക്ക് തന്റെ മക്കളാണെല്ലാം. ഓരോ നബിദിനത്തിനുമവൾ പുതിയ ഡ്രസ്സിടും. അഞ്ചുമക്കളെ പോറ്റുന്ന കൂലിപ്പണിക്കാരനായ തന്റെയുപ്പാക്ക് അതൊന്നും വാങ്ങിത്തരാൻ കഴിവില്ലായിരുന്നു. കൊല്ലത്തിലാകെയൊരു പെരുന്നാളിനാണ് ഡ്രസ്സ് കിട്ടുക.
പെരുന്നാളിനിട്ടതിനുശേഷം അലക്കിയുണക്കിവെച്ച മഞ്ഞ ചുരിദാറെടുത്തിട്ട് അവളോടൊപ്പം മദ്റസാ മുറ്റത്തേക്കോടി.

“എടീ… ഇയ്യിന്ന് ന്റെ വീട്ടിലേക്ക് വരോ… ന്റോടെ അരിനെല്ലിക്ക ഉണ്ടായിട്ടുണ്ട്… കുറച്ചുനേരം ജാഥക്ക് പോയാൽ മതി. പിന്നെ ന്റെ വീട്ടിലേക്ക് പോകാം…’
വീട്ടിലറിഞ്ഞാലുള്ള ബേജാറോർത്ത് ആദ്യം നിരസിച്ചെങ്കിലും അരിനെല്ലിക്കയുടെ രുചിയോർത്തപ്പോൾ അവളോടൊപ്പം ആ കുഞ്ഞു വീടിന്റെ മുറ്റത്തേക്കെത്തി.
“ഉമ്മച്ചീ…’

അവളുടെ വിളി കേൾക്കാൻ കാത്തു നിന്നപോലെ അകത്തുനിന്നും അവളുടെയുമ്മ ഓടിവന്നു.
“ഇതാണോ നിന്റെ കൂട്ടുകാരി… അസീ… മോളെകുറിച്ച് പറയാനേ ഇവൾക്ക് നേരമുള്ളൂ… ‘
സ്നേഹം കവിഞ്ഞൊഴുകുന്നാ വീട് ശരിക്കും സ്വർഗമാണെന്ന് തോന്നിപ്പോയി. വയറുനിറയെ പത്തിരിയും ഇറച്ചിക്കറിയും കഴിപ്പിച്ചിട്ടാണ് അവളുടെയുമ്മ യാത്രയാക്കിയത്. കുറെയധികം അരിനെല്ലിക്കകൾ റാനിയ പറിച്ചു തന്നു. കുറെ അവിടെനിന്ന് തന്നെ തിന്നു. ബാക്കിയുള്ളത് ഷാളിൽ പൊതിഞ്ഞുകൊണ്ട് വീട്ടിലേക്ക് കൊണ്ടുവരാൻ മാറ്റിവെച്ചു.
” രാത്രി പരിപാടിക്ക് വരുമ്പോ ഞാൻ നെല്ലിക്ക ഉപ്പിലിട്ടത് കൊണ്ടരണ്ട്… ഇജ്ജ് ന്ക്ക് കസേര പിടിച്ചു വെക്കണേ…’

കുന്നിനു മുകളിലുള്ള അവളുടെ വീട്ടിൽനിന്നും ചെറിയ ഇടവഴിയിലൂടെ മടങ്ങുമ്പോൾ പിറകിൽ നിന്നുമവൾ സൂക്ഷിച്ചു പോണേന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
മഗ്്രിബ് നിസ്കരിച്ചയുടനെ ബീരാൻക്കന്റെ തൊടിയിലേക്കോടി. അവിടെയാണ് നബിദിന പരിപാടികൾക്കുവേണ്ടി സ്റ്റേജും ഇരിപ്പിടവും ഒരുക്കിയിരിക്കുന്നത്.
റാനിയക്കു വേണ്ടി ഒരു കസേര പിടിച്ചു വെച്ചു. ആരുമതിൽ ഇരിക്കാതിരിക്കാൻ വെള്ളം കുപ്പിയും മിച്ചറും കൊണ്ടുവന്ന കവർ അതിനു മുകളിൽ വെച്ചു. ഒരു പരിപാടിയിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. റാനിയ വന്നാലേ എല്ലാത്തിനുമൊരു ഹരമുണ്ടാകൂ. റാസിക്കിന്റെ പാട്ടും കണ്ടില്ല. ഇനിയവർ രണ്ടുപേരും വിരുന്നു പോയോ…

മനസ്സിലപ്പോൾ അവൾ കൊണ്ടുവരാമെന്നേറ്റ നെല്ലിക്കയാണ്. നേരമേറെ കഴിഞ്ഞിട്ടുമവൾ വരാതായതോടെ ആകെ സങ്കടമായി തുടങ്ങി.
“ന്നാലും ഓളെന്നെ പറ്റിച്ചീലെ…ഓളും വന്നില്ല… നെല്ലിക്കയും കിട്ടീല്ല… നാളെ മദ്്റസ്ന്ന് കാണുമ്പോ കുറച്ച് നേരം ഞാൻ മുണ്ടൂല്ല… ഓള് കുറച്ചുനേരം എന്നോട് കൊഞ്ചുമ്പോ ചിരിയോടെ പറ്റിച്ചേന്ന് പറയണം..’

ഓരോന്നോർത്തു വിരസതയോടെ സമയം തള്ളിനീക്കി. ഉമ്മയും അനിയത്തികളും പിറകിലെ സീറ്റിലാണ്. ഉറക്കം വന്നപ്പോൾ ഉമ്മയുടെ അരികിൽ ചെന്നിരുന്നു.
ഏതോ ഒരു ആൺകുട്ടിയുടെ പാട്ട് കഴിഞ്ഞയുടനെയാണ് സദറുസ്താദ് സ്റ്റേജിലേക്ക് കയറിയത്.
ഉസ്താദ് കൈകൾ കൊണ്ട് കണ്ണുകൾ തുടക്കുന്നുണ്ടായിരുന്നു.

“ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ… പ്രിയപ്പെട്ടവരെ നമ്മുടെ മദ്റസയിലെ ഏഴാം ക്ലാസ് വിദ്യാർഥിനി റാനിയാ മറിയം അൽപ്പസമയം മുന്പ് മരണപ്പെട്ടു എന്ന വാർത്തയാണ് കേൾക്കാൻ കഴിഞ്ഞത്. പരിപാടിക്ക് വരുന്ന വഴി പാമ്പ് കടിയേൽക്കുകയും ആശുപത്രിയിൽ എത്തും മുമ്പേ മരണപ്പെടുകയും ചെയ്തു…. എല്ലാവരും ആ കുട്ടിക്ക് വേണ്ടി ദുആ ചെയ്യണം… പരിപാടി ഇവിടെ നിർത്തിവെക്കുകയാണ്. എല്ലാവർക്കും പിരിഞ്ഞുപോകാം…’

ഉറക്കച്ചടവിനിടയിലും ഉസ്താദിന്റെ വാക്കുകൾക്കായി കാതോർത്ത് നിൽക്കവേ റാനിയന്റെ മരണവാർത്ത കേട്ടതോടെ താൻ ഉറക്കെയുറക്കെ നിലവിളിക്കുകയായിരുന്നുവല്ലോ…
ഉമ്മ കയ്യിലേക്ക് നുള്ളിയിട്ടും വേദനയറിഞ്ഞില്ല. ആ രാത്രി മുഴുവൻ കരഞ്ഞു കരഞ്ഞു നേരം വെളുപ്പിച്ചു.

നേരം വെളുത്തു വരുമ്പോഴേക്കും അവളുടെ വീട്ടിലേക്ക് ഓടവേ ഉമ്മ പിറകിൽ നിന്നും വിളിച്ചു പറയുന്നതൊന്നും കേൾക്കാൻ നിന്നില്ല.
വെള്ള പുതച്ചു കിടത്തിയ അവളുടെ അരികിലേക്ക് തളർന്നു വീഴുകയായിരുന്നു. ആരൊക്കെയോ ചേർന്ന് തന്നെ അടുത്ത മുറിയിലേക്ക് കൊണ്ട് കിടത്തി. കുറെ ദിവസം പിന്നെ ആകെയൊരു ഒറ്റപ്പെടലും ഭയവുമായിരുന്നു. സ്കൂളിലേക്ക് പോകുമ്പോൾ വഴിവക്കിലുള്ള കബർസ്ഥാനിലേക്ക് നോക്കി നിൽക്കും…ഇതിലെവിടെയാണ് തന്റെ റാനിയെന്ന് നിരന്നു നിൽക്കുന്ന മീസാൻ കല്ലുകൾക്കിടയിലൂടെ തിരയും.

ഒരിക്കൽ സദറുസ്താദാണ് പറഞ്ഞത് എന്നുമവളുടെ പേരിൽ ഫാത്തിഹ ഓതിയാൽ അവൾക്ക് കബറിലേക്ക് സമ്മാനമായി അത് ലഭിക്കുമെന്ന്… അതിൽ പിന്നെ നിത്യവും അവൾക്കായി എത്രയെത്ര സമ്മാനങ്ങളാണ് താൻ കൊടുത്തയച്ചത്.
ഒരിക്കൽ കൂടി പിന്നെ തനിച്ചവളുടെ വീട്ടിലേക്ക് ചെന്നു. കണ്ണീർ മഴക്കപ്പുറം അവ്യക്തമായി അവളുടെ നെല്ലിമരവും ഉമ്മയും കണ്ണിലുടക്കി.

ദൂരെ നിന്ന് താൻ വരുന്നത് കണ്ട് വിതുമ്പലോടെ ഓടിയടുക്കുകയായിരുന്നല്ലോ അവളുടെ ഉമ്മ.
അവരുടെ കൈവലയത്തിൽ നിൽക്കുമ്പോൾ അറിയാതെ ഉറക്കെ കരഞ്ഞുപോയി.
“മോളെ… അനക്കുള്ള ഉപ്പിലിട്ടതും കൊണ്ട് നേരത്തെ ഇറങ്ങിയതാ ഓള്… പിറകെ ഞാൻ ടോർച്ചുമായി വരുമ്പോഴേക്കും അവൾ ഇടവഴിയിലെത്തിയിരുന്നു.
” വേഗം വാ ഉമ്മാ. ഹസി കാത്തിരിക്കാവും… ‘
വീണ്ടും ന്റെ മോള് ഇരുട്ടിലൂടെ മുന്നോട്ടോടി.
ഹൗ.. ന്റെ കാലില് എന്തോ കടിച്ചുമ്മാ…

അവൾ ഉറക്കെ പറഞ്ഞതും ഞാൻ ടോർച്ച് തെളിച്ചപ്പോൾ ഒരു പാമ്പ് വേഗത്തിൽ ഇഴഞ്ഞു പോകുന്നത് കണ്ടു. അവളുടെ ഉപ്പാനെ വിളിച്ചു മുറവിളി കൂട്ടുമ്പോയെല്ലാമവൾ ന്റെ ഹസിക്ക് നെല്ലിക കൊടുത്തിട്ട് ആശുപത്രിയിൽ പോവമ്മാന്ന് പറയായിരുന്നു….
പിന്നെ കുറച്ചു വെള്ളം ചോദിച്ചു. ജീപ്പിൽ എന്റെ മടിയിൽ തല വെച്ച് കിടക്കവേ ന്റെ മോള് കണ്ണടച്ചതാ… പിന്നെ വിളിച്ചിട്ട് മിണ്ടീല്ല… ”

അവളുടെ ഉമ്മയും കരയുകയായിരുന്നു. ബഷീർക്കാ ഉമ്മറത്ത് ശിലപോലെ നോക്കി നിന്നു.
അവരൊക്കെ ഏറെ ക്ഷണിച്ചിട്ടും അവളില്ലാത്ത വീട്ടിലേക്ക് കയറാൻ തോന്നിയില്ല.
മടങ്ങിപ്പോരവേ അവളുടെയുമ്മ ഒരു കുപ്പി നെല്ലിക്ക ഉപ്പിലിട്ടത് നിർബന്ധപൂർവം കൈയിലേക്ക് വെച്ച് തന്നു.

മടക്കയാത്രയിൽ മനസ്സ് പേമാരി പോലെ ആർത്തലയ്ക്കുകയായിരുന്നു.
“ന്റെ… റാനി….
മരിക്കുവോളം നീയെന്നെ ഓർത്തല്ലോ…’
ആ നെല്ലിക്കയിൽ നിന്നും ഒന്നുപോലും രുചിച്ചു നോക്കാൻ തോന്നിയില്ല. കണ്ണീരിന്റെ ഉപ്പുരസമാണെന്ന് തോന്നി.
ജന്നാത്തിലെ നെല്ലിമരത്തിൻ ചോട്ടിൽ അവളോടൊപ്പം കഥ പറഞ്ഞിരിക്കുന്നതെത്ര തവണ കിനാവ് കണ്ടിട്ടുണ്ട്.

വർഷങ്ങൾ കടന്നുപോയി. കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ. എങ്കിലും ഓരോ നബിദിനത്തിനും അവളുടെ ഓർമകൾ കണ്ണീരിന്റെ അകമ്പടിയോടെ തന്നെ തേടിയെത്താറുണ്ട്.
പ്രിയപ്പെട്ട കൂട്ടുകാരീ…കുഞ്ഞിളം പ്രായത്തിലേ നീ സ്വർഗത്തിലേക്ക് പറന്നു പോയതല്ലേ… നാളെ ഈയുള്ളവളെയും നീ അവിടേക്ക് കൂടെ കൂട്ടണേ…

കവിളിൽ കണ്ണീരുണങ്ങി ഒട്ടിപ്പിടിച്ചിട്ടുണ്ട്. ചീർത്ത കണ്ണുകൾ വേദനിച്ചു തുടങ്ങുന്നു. വർഷങ്ങളായി ഈ ദിനങ്ങളിൽ വിശപ്പറിയുന്നേയില്ല… അജ്മൽക്ക വരുംമുമ്പ് എഴുന്നേൽക്കണം. പണികൾ തീർത്ത് നേരത്തെ കുളിച്ചു മാറ്റിയില്ലെങ്കിൽ പ്രിയതമന്റെ നീരസം വാക്കുകളായി പുറത്തുവരും. ഇന്നിനി അതും കൂടി താങ്ങില്ല…

ഒരു നെടുവീർപ്പോടെ കിടന്നിടത്തുനിന്നും എഴുന്നേൽക്കുമ്പോൾ ആരോ പറഞ്ഞ വരികളാണവൾ ഓർത്തത്. “മനസ്സിൽ ചേർത്തുനിർത്തുന്ന ചില ബന്ധങ്ങളുണ്ട്… മറക്കുവോളമല്ല മരിക്കുവോളം… ‘

Latest