Kerala
ഗോപന്‍ സ്വാമിയുടെ വിവാദ സമാധി: സമഗ്രാന്വേഷണത്തിന് പോലീസ്, കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തേക്കും
ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനാണ് പോലീസ് നീക്കം.
തിരുവനന്തപുരം | നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ വിവാദ സമാധിയുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് സമഗ്രാന്വേഷണം നടത്തും. ജില്ലാ കലക്ടറുടെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താനാണ് പോലീസ് നീക്കം.
സമാധിയില്‍ കടുത്ത ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ബന്ധുക്കളുടെ മൊഴിയിലാകപ്പാടെ വൈരുധ്യമാണ്. ഗോപന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍
കിടപ്പിലായിരുന്നെന്നാണ് ഒരു ബന്ധു പോലീസിനു നല്‍കിയ മൊഴി. എന്നാല്‍, വ്യാഴാഴ്ച രാവിലെ 11ഓടെ ഗോപന്‍സ്വാമി നടന്നുപോയി സമാധി ആയെന്നാണ് മകന്‍ രാജസേനന്‍ പോലീസിനു മൊഴി നല്‍കിയത്.
11.30ഓടെ സമാധിയായെന്നാണ് മറ്റ് ചില കുടുംബാംഗങ്ങളുടെ മൊഴി. ഈ സാഹചര്യത്തിലാണ് വിപുലമായ അന്വേഷണത്തിന് പോലീസ് തീരുമാനിച്ചത്.
നെയ്യാറ്റിന്‍കര ആറാലു മൂടില്‍ ക്ഷേത്രാചാര്യനായിരുന്ന ഗോപന്‍ സ്വാമി സമാധിയായെന്നും നാട്ടുകാര്‍ അറിയാതെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തുവെന്നുമാണ് കുടുംബാംഗങ്ങള്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍, കൊലപാതകമാണെന്ന് നാട്ടുകാര്‍ ആരോപിച്ചതോടെയാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്തുള്ള പരിശോധനക്ക് പോലീസ് നീക്കം നടത്തുന്നത്.