Techno
ഗോപ്രോ ഹീറോ 12 ബ്ലാക്ക് കാമറ ഇന്ത്യന്‍ വിപണിയിലെത്തി
കാമറയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 45,000 രൂപയാണ് വില.
ന്യൂഡല്‍ഹി| പ്രമുഖ ആക്ഷന്‍ കാമറ നിര്‍മ്മാതാക്കളാണ് ഗോപ്രോ. കമ്പനി ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു പുതിയ കാമറ അവതരിപ്പിച്ചിരിക്കുകയാണ്. ഗോപ്രോ ഹീറോ 12 ബ്ലാക്ക് എന്ന മോഡലാണ് കമ്പനി വിപണിയിലെത്തിച്ചത്. ഹീറോ 12 ബ്ലാക്ക് കാമറയുടെ ബോഡിയില്‍ ഒരു വശത്ത് നീല നിറത്തില്‍ 12 എന്ന് എഴുതിയിട്ടുണ്ട്. പഴയതല മോഡലില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് ഹീറോ 12 ബ്ലാക്ക് എത്തുന്നത്. ജിപി2 പ്രോസസറുമായി വരുന്ന കാമറയില്‍ ഗോപ്രോ ഹീറോ 11 ബ്ലാക്ക് മോഡലിലുള്ള വലിയ 8:7 സെന്‍സര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്.
5.3കെ, 4കെ റെസല്യൂഷനില്‍ ചിത്രീകരിച്ച വീഡിയോകള്‍ക്ക് എച്ച്ഡിആര്‍ സപ്പോര്‍ട്ടുമായിട്ടാണ് ഈ കാമറ വരുന്നത്. 9:16 ആസ്പക്റ്റ് റേഷിയോവില്‍ ഫോട്ടോകളും വീഡിയോകളും ഷൂട്ട് ചെയ്യാനായി പുതിയ വെര്‍ട്ടിക്കല്‍ ക്യാപ്ചര്‍ മോഡും കാമറയില്‍ ലഭിക്കും. ടൈംവ്രാപ്പ്, ടൈം ലാപ്‌സ്, നൈറ്റ് എഫക്റ്റ്‌സ്, നൈറ്റ് ലാപ്‌സ് എന്നിവയെല്ലാം ഇപ്പോള്‍ 8:7 മോഡില്‍ ലഭ്യമാണ്.
ഈ കാമറയുടെ സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 45,000 രൂപയാണ് വില. ക്രിയേറ്റേഴ്‌സ് എഡിഷന്‍ എന്ന വേരിയന്റിന് 65,000 രൂപയാണ് നല്‍കേണ്ടത്. മീഡിയ മോഡ്, ലൈറ്റ് മോഡ്, വോള്‍ട്ട ഗ്രിപ്പ് എന്നിവയോടെയാണ് ക്രിയേറ്റര്‍ എഡിഷന്‍ വരുന്നത്. കറുപ്പ് നിറത്തില്‍ മാത്രമാണ് ഈ കാമറ ലഭ്യമാകുന്നത്.
സെപ്തംബര്‍ 13 മുതല്‍ ഇന്ത്യയിലെ പ്രമുഖ ഓണ്‍ലൈന്‍, ഓഫ്ലൈന്‍ റീട്ടെയിലര്‍ സ്റ്റോറുകള്‍ വഴി ഗോപ്രോ ഹീറോ 12 ബ്ലാക്ക് ആക്ഷന്‍ കാമറ ലഭ്യമാകും. ഈ കാമറയുടെ പ്രീ-ഓര്‍ഡറുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. കാമറ പ്രീബുക്ക് ചെയ്യുന്നവര്‍ക്ക് ഇപ്പോള്‍ വിലക്കിഴിവില്‍ ലഭ്യമാകും.