Connect with us

Articles

ഗോരക്ഷ അഥവാ മുസ്‌ലിം വേട്ട

തങ്ങള്‍ക്ക് അനഭിമതരായവരെ പശുഘാതകരാക്കി വേട്ടയാടുന്നത് ഹിന്ദുത്വ നിര്‍മിതിക്കുള്ള ഒരു രാഷ്ട്രീയ തന്ത്രമായി സ്വീകരിച്ചിരിക്കുകയാണ് ആര്‍ എസ് എസുകാര്‍ എന്ന കാര്യമാണ് ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണങ്ങളില്‍ മൗനം പാലിക്കുകയോ മൃദുപ്രതികരണം നടത്തുകയോ ചെയ്യുന്ന പലരും മനസ്സിലാക്കാതെ പോകുന്നത്.

Published

|

Last Updated

മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ക്കു നേരെ കടുത്ത ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഒറ്റക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയാതിരുന്നതും തെലുഗുദേശം, ജെ ഡി യു തുടങ്ങിയ പാര്‍ട്ടികളുടെ പിന്തുണയില്‍ മുന്നണി സര്‍ക്കാര്‍ ഉണ്ടാക്കേണ്ടിവന്നതും പഴയതുപോലെ തീവ്രഹിന്ദുത്വ അജന്‍ഡ നടപ്പാക്കുന്നതിന് തടസ്സം സൃഷ്ടിക്കുമെന്നാണ് പലരും വിലയിരുത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ ബി ജെ പിയും ഹിന്ദുത്വ ശക്തികളും ഭൂരിപക്ഷ ധ്രുവീകരണം ശക്തിപ്പെടുത്താന്‍ പ്രതികാര മനോഭാവത്തോടെ ന്യൂനപക്ഷങ്ങള്‍ക്കെതിരായി ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. പ്രകോപനങ്ങള്‍ സൃഷ്ടിച്ച് ധ്രുവീകരണമുണ്ടാക്കുകയെന്ന അജന്‍ഡയാണ് അവരുടേത്.

കഴിഞ്ഞ ജൂണ്‍ ഏഴാം തീയതിയാണ് ഗോരക്ഷാ ഗുണ്ടകള്‍ ഛത്തീസ്ഗഢില്‍ അഴിഞ്ഞാടിയത്. തങ്ങളുടെ പശുരാഷ്ട്രീയം വീണ്ടും ആളിക്കത്തിച്ചെടുക്കാനുള്ള ആര്‍ എസ് എസിന്റെ ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമായിട്ടുവേണം മുസ്‌ലിം നരവേട്ടയെ കാണാന്‍. പശുവിനെ കടത്തിയെന്നാരോപിച്ച് ഛത്തീസ്ഗഢില്‍ മൂന്ന് പേരെയാണ് അടിച്ചുകൊന്നത്. റഫ്രിജറേറ്ററില്‍ മാട്ടിറച്ചി കണ്ടെത്തിയെന്നാരോപിച്ച് മധ്യപ്രദേശിലെ മാണ്ഡ്‌ലയില്‍ 11 വീടുകള്‍ ഇടിച്ചുനിരത്തി. ഛത്തീസ്ഗഢില്‍ കൊല്ലപ്പെട്ടത് മൂന്ന് ഉത്തര്‍ പ്രദേശ് സ്വദേശികളായിരുന്നു. ദേഹമാസകലം മുറിവുകളോടെയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മധ്യപ്രദേശില്‍ സംഘ്പരിവാറുകാരോടൊപ്പം പോലീസും ചേര്‍ന്നാണ് മുസ്ലിം വേട്ടകള്‍. പശുക്കടത്താരോപിച്ച് നടത്തിയ തിരച്ചിലില്‍ പോലീസ് മാണ്ഡ്്‌ലയിലെ ഭായിന്‍സ്വാദി ഗ്രാമത്തിലെ ഏതാനും വീടുകളില്‍ മാട്ടിറച്ചി കണ്ടെത്തുകയായിരുന്നു. പോലീസ് തിരച്ചിലിനു ശേഷമാണ് റവന്യൂ അധികൃതര്‍ മാട്ടിറച്ചി കണ്ടെത്തിയ 11 വീടുകള്‍ തകര്‍ത്തത്. ലക്‌നോവിലെ അക്ബര്‍ നഗര്‍ നദീതീരത്ത് നിര്‍മാണം നടത്തിയെന്നാരോപിച്ച് മറ്റൊരിക്കല്‍ മുസ്ലിംകളുടെ ആയിരത്തോളം വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തുകളഞ്ഞു.

ഗുജറാത്തിലെ വഡോദരയില്‍ മുഖ്യമന്ത്രിയുടെ ഭവനപദ്ധതിപ്രകാരം അനുവദിച്ച ഫ്‌ലാറ്റില്‍ മുസ്‌ലിം സ്ത്രീയെ താമസിക്കാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ചുറ്റുമുള്ള ഹിന്ദു കുടുംബങ്ങള്‍ രംഗത്തിറങ്ങിയതും വാര്‍ത്തയായി. പരസ്യമായി മുസ്‌ലിം വിരുദ്ധതയും വിദ്വേഷവും പടര്‍ത്തുകയായിരുന്നു അയല്‍വാസികളായ ഹിന്ദുകുടുംബങ്ങളെന്നത് ഗുജറാത്തും നമ്മുടെ രാജ്യവും എത്തിപ്പെട്ടിരിക്കുന്ന സാമുദായിക വിഭജനത്തിന്റെ ഭീകരതയാണ് കാണിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ നഹാനില്‍ പശുവിനെ ബലി നല്‍കിയെന്നാരോപിച്ച് മുസ്‌ലിം വ്യാപാരിയുടെ കട കൊള്ളയടിച്ച് തകര്‍ക്കുകയായിരുന്നു വര്‍ഗീയവാദികള്‍. ഗോഹത്യാ കുറ്റത്തിന് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ വ്യാപാരിക്കെതിരെ കേസെടുക്കുകയും ചെയ്തു. ഈ സംഭവത്തെ തുടര്‍ന്ന് നഹാനിലെ 16 മുസ്‌ലിം വ്യാപാരികള്‍ക്ക് നഗരം വിട്ടുപോകേണ്ടിവന്നു.

ഡല്‍ഹിയിലെ സംഗംവിഹാറില്‍ ആരാധനാലയത്തിന് സമീപത്തു നിന്ന് പശുവിന്റെ ജഡം കിട്ടിയെന്നാരോപിച്ച് ഹിന്ദുത്വ സംഘടനകള്‍ പ്രകോപനം അഴിച്ചുവിട്ടു. കടുത്ത വിദ്വേഷ പ്രസംഗങ്ങളും ഭീഷണികളും മൂലം അവിടത്തെ താമസക്കാരായ മുസ്‌ലിംകള്‍ പലായനം ചെയ്യുകയായിരുന്നു. ഇതെല്ലാം കാണിക്കുന്നത് ഗോരക്ഷാ രാഷ്ട്രീയത്തെ ഉപയോഗിച്ച് സംഘ്പരിവാറും മൂന്നാം മോദി സര്‍ക്കാറും കടുത്ത വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആസൂത്രിത നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ്.

ഒന്നാം മോദി സര്‍ക്കാര്‍, 1960ലെ മൃഗങ്ങള്‍ക്കു നേരെയുള്ള ക്രൂരത തടയല്‍ നിയമം ഉപയോഗിച്ചാണ് കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞുകൊണ്ട് വിജ്ഞാപനമിറക്കിയത്. 1960ലെ നിയമത്തില്‍ മതപരമായ കാര്യങ്ങള്‍ക്കായി കശാപ്പ് നടത്തുന്നതിനെ എതിര്‍ക്കുന്നില്ലെന്ന വ്യവസ്ഥയുണ്ട്. മോദി സര്‍ക്കാര്‍ ഇത്തരമൊരു വിജ്ഞാപനം വഴി രാജ്യത്തെ പൗരന്മാരുടെ തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള ഭരണഘടനയിലെ 19ാം അനുഛേദത്തിന്റെ നഗ്‌നമായ ലംഘനമാണ് നടത്തിയത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്റെ ധ്വംസനവുമായിരുന്നു ഈയൊരു വിജ്ഞാപനം. മദ്രാസ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ആ വിജ്ഞാപനം അക്കാലത്ത് സ്റ്റേ ചെയ്തത്. മാത്രമല്ല ഇത്തരമൊരു കശാപ്പ് നിരോധന വിജ്ഞാപനം ഭരണഘടനയുടെ ഫെഡറല്‍ അവകാശങ്ങളുടെയും മൗലികാവകാശങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

19ാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളിലാണ് ഗോരക്ഷാരാഷ്ട്രീയം ഉയര്‍ത്തി ഹിന്ദുത്വ ബ്രാഹ്മണ്യ രാഷ്ട്രീയം തലപൊക്കുന്നത്. ഹിന്ദുരാഷ്ട്ര നിര്‍മിതിക്കായി രാജ്യത്തെ വര്‍ഗീയമായി ചേരിതിരിക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നില്‍. പഞ്ചാബ് ഹിന്ദുസഭയായിരുന്നു ബ്രിട്ടീഷ് വിരുദ്ധ കര്‍ഷക മുന്നേറ്റങ്ങളെ ദുര്‍ബലപ്പെടുത്താനും തകര്‍ക്കാനുമായി ഗോരാഷ്ട്രീയമുയര്‍ത്തി വര്‍ഗീയ ധ്രുവീകരണത്തിനായി തീയിട്ടത്. ഇത് ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഡിപാര്‍ട്ട്മെന്റിന്റെ ആസൂത്രണത്തിലാണ് നടന്നത്. ബ്രിട്ടീഷ് ഭൂനയങ്ങള്‍ക്കും സെമീന്ദാരി സമ്പ്രദായത്തിനുമെതിരെ ബ്രാഹ്മണരും ശൂദ്രരും മുസ്‌ലിംകളുമായ കൃഷിക്കാര്‍ നടത്തിയ ഐതിഹാസികമായ സമരം കണ്ട് പരിഭ്രാന്തരായ സെമീന്ദാരി ബുദ്ധിജീവികളും ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമാണ് ഗോവധ പ്രശ്‌നമുയര്‍ത്തി മതപരമായ ഭിന്നത സൃഷ്ടിച്ച് കര്‍ഷക ഐക്യത്തെ തകര്‍ക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കിയത്.

ബ്രിട്ടീഷ് നികുതി നയങ്ങളോ സെമീന്ദാരി സമ്പ്രദായമോ അല്ല കാര്‍ഷിക തകര്‍ച്ചക്കും കൃഷിക്കാരുടെ ദുരിതങ്ങള്‍ക്കും കാരണമെന്ന് ബ്രാഹ്മണരെ മുന്‍നിര്‍ത്തി പ്രചാരണമഴിച്ചുവിട്ടു. കൃഷിക്കാവശ്യമുള്ള കന്നുകാലികളെ കൊന്നുതിന്നുന്നവരും കന്നുകാലി കച്ചവടക്കാരുമായ മുസ്‌ലിംകളാണ് പഞ്ചാബിലെ കാര്‍ഷിക തകര്‍ച്ചക്ക് കാരണമെന്ന് പ്രചരിപ്പിച്ച് ഹിന്ദു-മുസ്‌ലിം സംഘര്‍ഷം വളര്‍ത്തുകയായിരുന്നു. ഇതിനായി പഞ്ചാബിലുടനീളം അവര്‍ ഗോരക്ഷിണി സഭകള്‍ക്ക് രൂപം കൊടുത്തു. ദയാനന്ദ സരസ്വതിയുടെ ആര്യ സമാജം തന്നെ ഇതിന് മുന്‍കൈയെടുത്തു. പഞ്ചാബിലും മധ്യേന്ത്യയിലാകെയും വര്‍ഗീയ കലാപങ്ങള്‍ പടര്‍ത്തി. ഈയൊരു വിദ്വേഷ ക്യാമ്പയിനിന്റെ ബൗദ്ധിക നേതൃത്വമായി വര്‍ത്തിച്ചത് ഹിന്ദുമഹാസഭയുടെ സ്ഥാപകനായിരുന്ന ലാലാ ലാല്‍ചന്ദായിരുന്നു. നാം ഒന്നാമതായി ഹിന്ദുക്കളാണ്, രണ്ടാമതായി മാത്രമേ ഇന്ത്യക്കാരാകുന്നുള്ളൂവെന്ന മതരാഷ്ട്രവാദപരമായ ദേശീയ വീക്ഷണങ്ങള്‍ക്ക് വഴികീറിയത് ലാലാ ലാല്‍ചന്ദാണ്.

സംഘ്പരിവാറിന്റെ പശുരാഷ്ട്രീയം സാമ്രാജ്യത്വപ്രോക്ത പ്രത്യയശാസ്ത്ര പദ്ധതിയാണ്. ബ്രിട്ടീഷുകാര്‍ ഉടനയൊന്നും നാടുവിടില്ലെന്നും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കില്ലെന്നും കൊളോണിയല്‍ ഭരണത്തിനു കീഴിലെ നാട്ടുരാജ്യങ്ങളുടെ സംയോജനത്തിലൂടെ ഹിന്ദുരാഷ്ട്രം യാഥാര്‍ഥ്യമാക്കാമെന്നെല്ലാമുള്ള മൂഢചിന്തകളിലായിരുന്നല്ലോ ഗോള്‍വാള്‍ക്കറും ആര്‍ എസ് എസും കഴിഞ്ഞിരുന്നത്. ഹിന്ദു-മുസ്‌ലിം മൈത്രിയെയും ഗാന്ധിയുടെ സ്വരാജിനെയും എതിര്‍ത്തുകൊണ്ടാണ് ഹെഡ്‌ഗേവാറും ഗോള്‍വാള്‍ക്കറും ദേശീയ പ്രസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള വര്‍ഗീയവത്കരണ അജന്‍ഡയുമായി മുന്നോട്ടുപോയത്. 1947ലെ അധികാര കൈമാറ്റവും ഒരു പരമാധികാര മതിനിരപേക്ഷ ജനാധിപത്യ റിപബ്ലിക്കായുള്ള ഇന്ത്യയുടെ രാഷ്ട്രരൂപവത്കരണ പ്രക്രിയയും അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് ആര്‍ എസ് എസ് കണ്ടത്.

ഈയൊരു അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ഗാന്ധി വധമെന്ന മഹാ അപരാധത്തിലേക്ക് അവരെ നയിച്ചത്. ഗാന്ധിവധം മൂലം ഒറ്റപ്പെട്ടുപോയ സാഹചര്യത്തെ അതിജീവിക്കാനാണ് ഗോവധ പ്രശ്‌നമുയര്‍ത്തി വര്‍ഗീയ ധ്രുവീകരണത്തിനു വേണ്ടിയുള്ള കലാപങ്ങള്‍ സ്വാതന്ത്ര്യാനന്തരം രാജ്യമെമ്പാടും ആര്‍ എസ് എസ് ആസൂത്രിതമായി കുത്തിപ്പൊക്കിയത്. 1950കളില്‍ കേരളത്തില്‍ പോലും ഗോവധ നിരോധന പ്രസ്ഥാനം നിരവധി പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളും വര്‍ഗീയകലാപങ്ങളും സൃഷ്ടിച്ചു.

പശുകള്ളക്കടത്തുകാര്‍ക്കും പശുവിനെ കൊല്ലുന്നവര്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് കഴിഞ്ഞ എത്രയോ ദശകങ്ങളായി രാജ്യമെമ്പാടും സംഘ്പരിവാര്‍ നടത്തുന്ന പ്രചാരണം. മോദി സര്‍ക്കാറിലൂടെ തങ്ങള്‍ക്ക് ദേശീയാധികാരം കരഗതമായി എന്നാണ് ആര്‍ എസ് എസ് നേതൃത്വം വിലയിരുത്തുന്നത്. ഈ ദേശീയാധികാരത്തിന്റെ സൗകര്യങ്ങളുപയോഗിച്ച് ഹിന്ദുരാഷ്ട്ര നിര്‍മിതിക്കു വേണ്ടിയുള്ള വര്‍ഗീയ അജന്‍ഡകള്‍ ഓരോന്നായി പുറത്തെടുത്തിരിക്കുകയാണ് ആര്‍ എസ് എസ്. തങ്ങള്‍ക്ക് അനഭിമതരായവരെ പശുഘാതകരാക്കി വേട്ടയാടുന്നത് ഹിന്ദുത്വ നിര്‍മിതിക്കുള്ള ഒരു രാഷ്ട്രീയ തന്ത്രമായി സ്വീകരിച്ചിരിക്കുകയാണ് ആര്‍ എസ് എസുകാര്‍ എന്ന കാര്യമാണ് ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണങ്ങളില്‍ മൗനം പാലിക്കുകയോ മൃദുപ്രതികരണം നടത്തുകയോ ചെയ്യുന്ന പലരും മനസ്സിലാക്കാതെ പോകുന്നത്.