Kerala
സര്‍ക്കാരിന്റെ ലഹരി വിരുദ്ധ കാമ്പയിന്‍: രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം
മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെയാണ് റിപബ്ലിക് ദിനം വരെ നീളുന്ന രണ്ടാംഘട്ട പ്രചാരണ-ബോധവത്കരണ പരിപാടികള്‍ക്കു തുടക്കമാവുക.
തിരുവനന്തപുരം | സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാമ്പയിനിന്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെയാണ് ഇന്നു മുതല്‍ റിപബ്ലിക് ദിനം വരെ നീണ്ടുനില്‍ക്കുന്ന രണ്ടാംഘട്ട പ്രചാരണ-ബോധവത്കരണ പരിപാടികള്‍ക്കു തുടക്കമാവുക.
ഇന്ന് രാവിലെ 11 ന് കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി മുഖ്യമന്ത്രിയുടെ സന്ദേശം സ്‌കൂളുകളിലും കോളജുകളിലും പ്രദര്‍ശിപ്പിക്കും. എക്‌സൈസ്-വിദ്യാഭ്യാസ വകുപ്പുകള്‍ ചേര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്കായി തയ്യാറാക്കിയ ‘തെളിവാനം വരക്കുന്നവര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. പുസ്തക വിതരണത്തിലൂടെ 65 ലക്ഷം കുടുംബങ്ങളിലേക്ക് ലഹരി വിരുദ്ധ സന്ദേശം എത്തിക്കാനാണ് പദ്ധതി.
ഒന്നാംഘട്ട കാമ്പയിനിന്റെ സമാപന സമ്മേളനത്തിലാണ് മുഖ്യമന്ത്രി രണ്ടാംഘട്ട കാമ്പയിന്‍ പ്രഖ്യാപിച്ചത്. വിപുലമായ പരിപാടികളാണ് രണ്ടാം ഘട്ടത്തിലും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ക്ലാസ് അടിസ്ഥാനത്തില്‍ സ്‌കൂളുകളിലും കോളജുകളിലും ലഹരിവിരുദ്ധ സഭകള്‍ ചേരും. ആദ്യഘട്ട കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍, രണ്ടാംഘട്ട കാമ്പയിന്റെ രൂപരേഖ, വിദ്യാര്‍ഥികളുടെ അനുഭവങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യും.
പ്രചാരണത്തിനൊപ്പം എക്‌സൈസും പോലീസും പ്രവര്‍ത്തനം ഊര്‍ജിതമാക്കും. ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തെയും പ്രചാരണത്തിന്റെ ഭാഗമാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായ ഗോള്‍ ചലഞ്ചിന് ബുധനാഴ്ച തുടക്കമാകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഗോളടിച്ച് നിര്‍വഹിക്കും. എല്ലാ വിദ്യാലയങ്ങളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലും മറ്റു പ്രധാന ഇടങ്ങളിലും ഗോള്‍ ചലഞ്ച് നടക്കും. സംസ്ഥാനത്താകെ രണ്ട് കോടി ഗോള്‍ അടിക്കുകയാണ് ലക്ഷ്യം.