Kerala
ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ച് സര്‍ക്കാര്‍; കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പുതിയ ഡയരക്ടര്‍ ഉടന്‍
ഡയരക്ടറെ തീരുമാനിക്കുന്നതിനായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം | കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് ഡയറക്ടര്‍ പദവിയില്‍ നിന്നുള്ള ശങ്കര്‍ മോഹന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചു. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ സമരം അവസാനിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടു. പുതിയ ഡയരക്ടറെ ഉടന്‍ നിയമിക്കും. ഡയരക്ടറെ തീരുമാനിക്കുന്നതിനായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഡോ. വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് കമ്മിറ്റിയിലുള്ളത്.
സ്ഥാപനത്തിലെ അതിരൂക്ഷമായ ജാതി വിവേചനം ചൂണ്ടിക്കാട്ടി ഡയറക്ടര്‍ രാജിവെക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ 47 ദിവസമായി വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ഇതിനിടെയാണ് ശങ്കര്‍ മോഹന്‍ രാജി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി ഓഫീസിലും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും നേരിട്ടെത്തിയാണ് അദ്ദേഹം രാജിക്കത്ത് നല്‍കിയത്.
എന്നാല്‍, തന്റെ രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നും മൂന്ന് വര്‍ഷത്തെ കാലാവധി അവസാനിച്ചതിനാലാണ് രാജി സമര്‍പ്പിച്ചതെന്നുമാണ് ശങ്കര്‍ മോഹന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. സര്‍ക്കാറോ ചെയര്‍മാനോ തന്നോട് രാജിവെക്കാന്‍ പറഞ്ഞിട്ടില്ല. രണ്ട് ദിവസം മുമ്പ് ചെയര്‍മാന് രാജി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ശങ്കര്‍ മോഹനെതിരായ ആരോപണം അന്വേഷിക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി ജയകുമാര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉന്നതതല അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടപെട്ടാണ് സമിതിയെ നിയോഗിച്ചത്.