Connect with us

From the print

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മുഖ്യമന്ത്രി

തിരുവനന്തപുരത്തും വഖ്ഫ് മേഖലാ ഓഫീസ് യാഥാർഥ്യമാക്കും

Published

|

Last Updated

കോഴിക്കോട്| ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് അനുവദിക്കുന്ന അവകാശങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും സംരക്ഷണത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വഖ്ഫ് ബോർഡ് കോഴിക്കോട് മേഖലാ ഓഫീസിനായി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖ്ഫ് അനുബന്ധ വിഷയങ്ങളിൽ ദേശീയതലത്തിൽ ആശങ്കയുളവാക്കുന്ന സാഹചര്യമാണുള്ളത്. വഖ്ഫ് നിയമ ഭേദഗതിക്കായുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംയുക്ത പാർലിമെന്ററി സമിതി മുമ്പാകെ പ്രതിപക്ഷാംഗങ്ങൾ സമർപ്പിച്ച 500 ൽപ്പരം ശിപാർശകൾ പരിഗണിക്കാതെയും 44 വ്യവസ്ഥകളിൽ ആവശ്യപ്പെട്ട ഭേദഗതികൾ അംഗീകരിക്കാതെയുമാണ് റിപോർട്ട് സമർപ്പിച്ചത്.അവകാശങ്ങൾ തട്ടിയെടുത്ത് ന്യൂനപക്ഷ വേട്ടക്ക് ചില തത്പരകക്ഷികൾ ശ്രമിക്കുന്ന സ്ഥിതിയുണ്ട്.

ന്യൂനപക്ഷങ്ങൾ അരുതാത്തതെന്തോ വശപ്പെടുത്തുന്നുവെന്ന പ്രതീതിയുണ്ടാക്കുന്നതിന് ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. വഖ്ഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല.
അതേസമയം, ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ കവർന്നെടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ സംരക്ഷണത്തിൽ കേന്ദ്ര സർക്കാർ പിറകോട്ടാണ് പോകുന്നത്. ന്യൂനപക്ഷങ്ങൾക്കായുള്ള വിവിധ ധനസഹായങ്ങളിൽ വലിയ കുറവാണ് ഈ കാലയളവിൽ വരുത്തിയിട്ടുള്ളത്. മൗലാന ആസാദ് സ്‌കോളർഷിപ്പിന് 30 കോടിയോളം രൂപയും വിവിധ സാമൂഹിക വിഭാഗങ്ങൾക്കുള്ള സൗജന്യ പരിശീലന പരിപാടിയിൽ 65 ശതമാനവും വിദേശ പഠന സഹായത്തിൽ 50 ശതമാനവും മദ്റസാ നടത്തിപ്പ് സംബന്ധിച്ച ധനസഹായത്തിൽ 99.5 ശതമാനവുമാണ് കുറവ് വരുത്തിയിട്ടുള്ളത്.

ഇത് മുഖവിലക്കെടുത്താണ് സംസ്ഥാന സർക്കാർ പ്രീ- മെട്രിക് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചത്. വിവിധ ന്യൂനപക്ഷ പദ്ധതികൾക്കായി സർക്കാർ ആകെ 106 കോടി രൂപയാണ് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ എട്ട് കോടി അധികമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ ചേർത്തുനിർത്തുകയും അവരുടെ അവകാശങ്ങൾക്ക് സംരക്ഷണം നൽകാൻ മുന്നിൽ നിൽക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്.

വഖ്ഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാനത്ത് കൂടുതൽ റീജ്യനൽ ഓഫീസുകൾ സ്ഥാപിക്കുമെന്നും തിരുവനന്തപുരത്ത് പുതിയ മേഖലാ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങിൽ മന്ത്രി വി അബ്ദുർറഹ്മാൻ അധ്യക്ഷത വഹിച്ചു.

Latest