doctor strike
ഇന്ന് സർക്കാർ ഡോക്ടർമാരുടെ സമരം
ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുകയും സമരം നടത്തുകയും ചെയ്യും.
തിരുവനന്തപുരം | സർക്കാർ ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് വീണ്ടും സമരം പ്രഖ്യാപിച്ച് കെ ജി എം ഒ എ. ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുകയും സമരം നടത്തുകയും ചെയ്യും. ഒക്ടോബർ 11ന് കൂട്ട അവധിയെടുത്തും ഡോക്ടർമാർ പ്രതിഷേധിക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് നൽകിയ ഉറപ്പുകൾ എട്ട് മാസമായിട്ടും നടപ്പായില്ലെന്നാണ് സംഘടന ആരോപിക്കുന്നത്.
2021 ജനുവരിയിൽ ഉത്തരവായ 11ാം ശമ്പള പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിൽ ശമ്പളത്തിലടക്കം കുറവു വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടർമാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് നടത്തുന്നതെന്നും സംഘടന ആരോപിച്ചു. ദീർഘനാൾ നീണ്ട സമര പരിപാടിക്കൊടുവിൽ ആരോഗ്യ മന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്‌ന പരിഹാരത്തിനുള്ള ഉറപ്പുകൾ സർക്കാർ രേഖാമൂലം കെ ജി എം ഒ എക്ക് നൽകിയിരുന്നു.
എന്നാൽ, ഡോക്ടർമാരെ അപമാനിക്കുന്ന തരത്തിൽ കാതലായ വിഷയങ്ങൾ ഒന്നും പരിഹരിക്കാതെയാണ് സർക്കാർ അപാകത പരിഹാര ഉത്തരവ് ഇറക്കിയത്. ഇത്രമേൽ കടുത്ത അവഗണനയുണ്ടായിട്ടും രോഗീ പരിചരണത്തെ ബാധിക്കാത്ത രീതിയിലാണ് കഴിഞ്ഞ ഒന്നര വർഷത്തിലധികമായി പ്രതിഷേധം നടത്തിയതെന്നും ഭാരവാഹികൾ പറഞ്ഞു.