murder
വിരമിക്കൽ ദിവസത്തിൻ്റെ തലേന്ന് ഭാര്യാമാതാവിനെ വെട്ടിക്കൊന്ന് സർക്കാർ ജീവനക്കാരൻ; ഭാര്യയെയും വെട്ടി
ഇദ്ദേഹവും ഭാര്യയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

തിരുവനന്തപുരം | നാളെ സർവീസിൽ നിന്നും വിരമിക്കാനിരിക്കെ ഭാര്യമാതാവിനെ വെട്ടിക്കൊന്ന് സർക്കാർ ഉദ്യോഗസ്ഥൻ. ഭാര്യയെയും വെട്ടിയിട്ടുണ്ട്. തുടർന്ന് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇദ്ദേഹവും ഭാര്യയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. നെടുമങ്ങാട് അരുവിക്കര അഴീക്കോടാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
തിരുവനന്തപുരം മെഡി.കോളജിലെ സൂപ്രണ്ട് തസ്തികയിൽ ജോലി ചെയ്യുന്ന അലി അക്ബറാണ് വ്യാഴാഴ്ച പുലർച്ചെ 4.30ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിയത്. ഭാര്യാ മാതാവ് താഹിറ(67)യാണ് മരിച്ചത്. നെടുമങ്ങാട് ഗവ. ഗേൾസ് ഹൈസ്കൂൾ ടീച്ചർ ആയ ഭാര്യ മുംതാസിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഇയാൾ മണ്ണെണ ഒഴിച്ച് കത്തിച്ചു. അലി അക്ബറും സ്വയം തീ കൊളുത്തി.
വീട്ടിൽ അലി അക്ബർ മുകളിലെ നിലയിലും ഭാര്യയും ഭാര്യാമാതാവും താഴത്തെ നിലയിലുമാണ് താമസം. പത്ത് വർഷമായി കുടുംബ കോടതിയിൽ ഇവരുടെ കേസ് നടക്കുന്നുണ്ട്. കേസുണ്ടെങ്കിലും ഒരേ വീട്ടിലായിരുന്നു താമസം. മകളുടെ കൺമുന്നിൽ വെച്ചാണ് ക്രൂരകൃത്യം അരങ്ങേറിയത്. അലി അക്ബറിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.