SUPREME COURT
സര്‍ക്കാര്‍ വിശദീകരണം തൃപ്തികരം; പ്ലസ് വൺ പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി | സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി. പരീക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളിയ കോടതി സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ സ്‌കൂളുകളില്‍ നടത്താം. അധികൃതര്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് കോടതി പറഞ്ഞു. നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ സുഗമമായി നടന്ന സാഹചര്യത്തിലാണ് കോടതി നിരീക്ഷണം.
എല്ലാ സ്‌കൂളുകളിലും അണുനശീകരണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പരീക്ഷ നടത്തും. പരീക്ഷക്ക് പുതുക്കിയ ടൈം ടേബിള്‍ തയാറാക്കും. പരീക്ഷക്കെതിരെ ചിലര്‍ കുപ്രചാരണം നടത്തിയതായി മന്ത്രി ആരോപിച്ചു.
സംസ്ഥാനത്തെ കൊവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പരീക്ഷ നടത്തുന്നത് ഈ മാസമാദ്യം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്ലസ് വണ്‍ പരീക്ഷ നടത്താന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകള്‍ നടത്തിയത് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.