Connect with us

kerala governor and ldf government

സര്‍ക്കാര്‍- ഗവര്‍ണര്‍ ഏറ്റുമുട്ടല്‍

ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അര്‍ഹിക്കുന്ന അധികാരം വകവെച്ചു കൊടുക്കാന്‍ ഗവര്‍ണറും സംസ്ഥാന കാര്യനിര്‍വഹണത്തിന്റെ തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കാന്‍ സര്‍ക്കാറും സന്നദ്ധമാകേണ്ടതുണ്ട്.

Published

|

Last Updated

ര്‍ക്കാര്‍-ഗവര്‍ണര്‍ ഭിന്നത അനുദിനം രൂക്ഷമാകുകയാണ്. ഗവര്‍ണറെ പൂട്ടാന്‍ സര്‍ക്കാര്‍ തന്ത്രങ്ങള്‍ മെനയുമ്പോള്‍ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കാനുള്ള പഴുതുകള്‍ തേടുകയാണ് ഗവര്‍ണര്‍. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്ലിന് ചൊവ്വാഴ്ച മന്ത്രിസഭ അംഗീകാരം നല്‍കിയപ്പോള്‍, തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം വിഭാഗം അസ്സോസിയേറ്റ് പ്രൊഫസറായി നിയമിച്ച നടപടി സ്റ്റേ ചെയ്തു കൊണ്ടാണ് ഗവര്‍ണര്‍ പകരം വീട്ടിയത്. ഇതുമായി ബന്ധപ്പെട്ട് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പ്രിയ വര്‍ഗീസിന്റെ നിയമന കാര്യം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് ഗവര്‍ണറുടെ ഈ നടപടി.

സര്‍വകലാശാലകളുടെ വി സി നിയമനത്തില്‍ ഗവര്‍ണറുടെ അധികാരം തീര്‍ത്തും ഇല്ലാതാക്കുന്നതാണ് മന്ത്രി സഭ അംഗീകാരം നല്‍കിയ ബില്‍. വി സിയെ കണ്ടെത്തുന്നതിനുള്ള സമിതിയില്‍ ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാറിന് നിര്‍ദേശിക്കാമെന്നുള്ളതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. വി സി നിര്‍ണയ സമിതി അംഗങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് അഞ്ചായി ഉയര്‍ത്താനും ബില്‍ നിര്‍ദേശിക്കുന്നു. ഉന്നത വിദ്യാഭ്യാസ മേഖല സംബന്ധിച്ച ശ്യാം മോഹന്‍ കമ്മിറ്റിയുടെ ശിപാര്‍ശ പ്രകാരമാണ് നടപടിയെങ്കിലും ഇക്കാര്യത്തില്‍ ഗവര്‍ണറെ അരികിലാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട് സര്‍ക്കാറിന്. നിയമം പ്രാബല്യത്തിലാകുന്നതോടെ വി സി നിയമനത്തില്‍ ഗവര്‍ണര്‍ കേവലം കാഴ്ചക്കാരനായി മാറും. സര്‍ക്കാര്‍ തന്നെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നാണ് ഇതുസംബന്ധിച്ച് ഗവര്‍ണറുടെ പ്രതികരണം.

ഏറെ വിവാദമുയര്‍ത്തിയ നടപടിയാണ് പ്രിയ വര്‍ഗീസിന്റെ അസ്സോസിയേറ്റ് പ്രൊഫസര്‍ നിയമനം. ഈ തസ്തികയിലേക്ക് പരിഗണിച്ച ആറ് പേരില്‍ റിസര്‍ച്ച് സ്‌കോറില്‍ ഏറ്റവും പിന്നിലായിരുന്നു പ്രിയ വര്‍ഗീസെന്നും അഭിമുഖത്തിലെ മാര്‍ക്ക് വന്നപ്പോഴാണ് അവര്‍ ഒറ്റയടിക്ക് ഒന്നാമതെത്തിയതെന്നും വിവരാവകാശ രേഖയിലൂടെ പുറത്തുവന്ന വിശദീകരണത്തില്‍ പറയുന്നുണ്ട്. ഉദ്യോഗാര്‍ഥിയുടെ വിവിധ ഗവേഷണ പ്രബന്ധങ്ങള്‍ പരിഗണിച്ചു നല്‍കുന്ന റിസര്‍ച്ച് സ്‌കോറില്‍ 651 മാര്‍ക്കുമായി ജോസഫ് സ്‌കറിയ ആയിരുന്നു ഒന്നാമത്. 156 മാര്‍ക്കായിരുന്നു പ്രിയ വര്‍ഗീസിനുണ്ടായിരുന്നത്. എന്നാല്‍ വി സിയുടെ അഭിമുഖത്തില്‍ പ്രിയക്ക് 32 മാര്‍ക്ക് ലഭിച്ചപ്പോള്‍ ജോസഫ് സ്‌കറിയക്ക് ലിഭിച്ചത് 30 മാര്‍ക്ക്. മാത്രമല്ല, യു ജി സി ചട്ടപ്രകാരം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയക്ക് നിയമനം നല്‍കിയതെന്നും പരാതിയുണ്ട്. ചട്ടങ്ങള്‍ അവഗണിച്ച് പ്രിയക്ക് നിയമനം നല്‍കാനുള്ള നടപടി തടയണമെന്നാവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ചതെങ്കിലും സര്‍ക്കാറുമായുള്ള ഏറ്റുമുട്ടലിന്റെ ഭാഗമാണിതെന്നാണ് നിരീക്ഷകരുടെ പക്ഷം. ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനും കോടതിയെ സമീപിക്കാനുമാണ് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ തീരുമാനം.

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സംസ്ഥാന സര്‍ക്കാറും ഗവര്‍ണറും തമ്മിലുള്ള ഭിന്നതയും ഉടക്കുകളും. മുഹമ്മദ് ആരിഫ് ഖാന്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തതു തൊട്ടേയുണ്ട് സ്വരച്ചേര്‍ച്ചയില്ലായ്മ. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും 2020ലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമര്‍ശം ഉള്‍പ്പെടുത്തിയപ്പോഴും ഗവര്‍ണര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമങ്ങള്‍ സംരക്ഷിക്കേണ്ടതും നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതും തന്റെ കടമയാണെന്നാണ് അന്ന് നിലപാടിനെ ന്യായീകരിച്ചു കൊണ്ട് ഗവര്‍ണര്‍ പറഞ്ഞത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രമേയം പാസ്സാക്കുന്നതിന് സഭ വിളിക്കാനുള്ള തീരുമാനം, തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സ്, കാലടി, കണ്ണൂര്‍ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം, ലോകായുക്ത നിയമ ഭേദഗതി തുടങ്ങി നിരവധി വിഷയങ്ങളില്‍ ഗവര്‍ണര്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി.

ഇരു വിഭാഗവും ഭിന്നതയും ഉടക്കും തുടരുന്നത് ഭരണ, രാഷ്ട്രീയ മേഖലകളില്‍ കടുത്ത പ്രയാസങ്ങള്‍ക്കിടയാക്കും. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അര്‍ഹിക്കുന്ന അധികാരം വകവെച്ചു കൊടുക്കാന്‍ ഗവര്‍ണറും സംസ്ഥാന കാര്യനിര്‍വഹണത്തിന്റെ തലവന്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കാന്‍ സര്‍ക്കാറും സന്നദ്ധമാകേണ്ടതുണ്ട്. ഭരണത്തലവന്‍ എന്നത് ഗവര്‍ണര്‍മാരുടെ കാര്യത്തില്‍ ആലങ്കാരിക പ്രയോഗമാണ്. സംസ്ഥാന മന്ത്രിസഭയുടെ താത്പര്യവും ഉപദേശവുമില്ലാതെ വ്യക്തിപരമായി തന്റെ അധികാരം പ്രയോഗിക്കാനോ സംസ്ഥാന മന്ത്രിസഭകളുടെ താത്പര്യത്തിനെതിരായി പ്രവര്‍ത്തിക്കാനോ ഗവര്‍ണര്‍ ശ്രമിക്കരുതെന്നും സംസ്ഥാനങ്ങളോട് യോജിച്ചു വേണം പ്രവര്‍ത്തിക്കാനെന്നും ഷംഷേര്‍ സിംഗ് /പഞ്ചാബ് കേസില്‍ സുപ്രീം കോടതി സുവ്യക്തമായി പറയുന്നുണ്ട്. ഗവര്‍ണര്‍ക്ക് കര്‍ത്തവ്യങ്ങളില്ല, ഉത്തരവാദിത്വങ്ങളുണ്ട് എന്നാണ് ഭരണഘടനാ ശില്‍പ്പി പി ആര്‍ അംബേദ്കര്‍ പറഞ്ഞത്.

കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആശയപരമായി ഇരു ധ്രുവങ്ങളില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്കിടയില്‍ ഭിന്നത സ്വാഭാവികമാണ്. ഇത്തരം ഘട്ടത്തില്‍ കേന്ദ്രത്തിന്റെ ചട്ടുകമായി തരംതാഴാതെ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയിലുള്ള പാലമായി വര്‍ത്തിക്കാന്‍ ഗവര്‍ണര്‍ക്കാകണം. സംസ്ഥാനത്ത് സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഉടക്കു കാണിക്കുന്നതിന് ഗവര്‍ണര്‍ക്ക് ന്യായങ്ങള്‍ പലതും നിരത്തി വെക്കാനുണ്ടെങ്കിലും അതിന്റെ അടിസ്ഥാന കാരണം കേന്ദ്ര നിലപാടുകളോടുള്ള അന്ധമായ വിധേയത്വവും മതേതരത്വ, ജനാധിപത്യ ആശയങ്ങളോടുള്ള വിയോജിപ്പുമാണെന്നത് വ്യക്തമാണ്.