Kerala
സ്ട്രോക്ക് ഗുരുതരമായ രണ്ട് പേരെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് സര്‍ക്കാര്‍ ആശുപത്രി
സ്ട്രോക്കിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ നാലര മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കിയെങ്കില്‍ മാത്രമേ പ്രയോജനം ലഭിക്കുകയുള്ളൂ.
തിരുവനന്തപുരം | സ്ട്രോക്ക് ഗുരുതരമായി ബാധിച്ച രണ്ട് പേര്‍ വിദഗ്ധ ചികിത്സയിലൂടെ ജീവിതത്തിലേക്ക്. ശബരിമല തീര്‍ഥാടകയായ എറണാകുളം കുമ്പളങ്ങി സ്വദേശിനിക്കും ശബരിമലയില്‍ കോണ്‍ട്രാക്ട് വര്‍ക്കറായ എരുമേലി സ്വദേശിക്കുമാണ് സ്ട്രോക്ക് ബാധിച്ച് ഒരു വശം തളര്‍ന്ന് സംസാര ശേഷി ഭാഗികമായി നഷ്ടപ്പെട്ടത്. ഇവരെ ഉടന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഉടനടി ത്രോമ്പോലൈസിസ് ചികിത്സ നല്‍കി. മകരവിളക്കിനോടനുബന്ധിച്ച് ജനുവരി 14ന് ആശുപത്രിയിലെത്തിച്ച എരുമേലി സ്വദേശി ചികിത്സക്ക് ശേഷം കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. ചികിത്സക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
സമയബന്ധിതമായി ഫലപ്രദമായ ചികിത്സ നല്‍കാനായത് കൊണ്ടാണ് ശരീരം തളരാതെ ഇവരെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനായത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പക്ഷാഘാത നിയന്ത്രണ പദ്ധതിയായ ശിരസ് വഴി സൗജന്യ ചികിത്സയാണ് ഇവര്‍ക്ക് നല്‍കിയത്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 152 പേര്‍ക്കാണ് ഇതുവരെ സ്ട്രോക്കിനുള്ള ത്രോമ്പോലൈസിസ് ചികിത്സ നല്‍കിയിട്ടുള്ളത്. സ്ട്രോക്ക് ബാധിച്ചാല്‍ ആദ്യത്തെ മണിക്കൂറുകള്‍ വളരെ നിര്‍ണായകമാണ്. വായ് കോട്ടം, കൈയ്ക്കോ കാലിനോ തളര്‍ച്ച, സംസാരത്തിന് കുഴച്ചില്‍ എന്നീ ലക്ഷണങ്ങള്‍ ഒരാളില്‍ കണ്ടാല്‍ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം.
സ്ട്രോക്കിന്റെ ലക്ഷണങ്ങളാരംഭിച്ച് കഴിഞ്ഞാല്‍ നാലര മണിക്കൂറിനുള്ളില്‍ ചികിത്സ നല്‍കിയെങ്കില്‍ മാത്രമേ അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ ശരീരം തളരുകയോ മരണം വരെ സംഭവിക്കുകയോ ചെയ്യാം.