Connect with us

Editorial

ക്യാന്‍സര്‍ മരുന്ന് വിപണിയിലെ സര്‍ക്കാര്‍ ഇടപെടല്‍

ക്യാന്‍സര്‍ മരുന്ന് വിപണിയില്‍ ഇടപെടാനുള്ള സര്‍ക്കാറിന്റെ തീരുമാനം ശ്ലാഘനീയമാണ്. ക്യാന്‍സര്‍ ചികിത്സക്കുള്ള മരുന്നുകളും അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയാനന്തരം ഉപയോഗിക്കേണ്ട മരുന്നുകളും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്.

Published

|

Last Updated

ക്യാന്‍സര്‍ മരുന്ന് വിപണിയില്‍ ഇടപെടാനുള്ള സര്‍ക്കാറിന്റെ തീരുമാനം ശ്ലാഘനീയമാണ്. ക്യാന്‍സര്‍ ചികിത്സക്കുള്ള മരുന്നുകളും അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയാനന്തരം ഉപയോഗിക്കേണ്ട മരുന്നുകളും കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. എണ്ണൂറോളം വരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകള്‍, കമ്പനികളില്‍ നിന്ന് ലഭിക്കുന്ന അതേവിലക്ക് സര്‍ക്കാര്‍ സ്ഥാപനമായ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (കെ എം എസ് സി എല്‍) കാരുണ്യ ഫാര്‍മസി വഴി ലഭ്യമാക്കാനാണ് പദ്ധതി. ഇതിനായി കാരുണ്യ ഫാര്‍മസികളില്‍ ലാഭരഹിത കൗണ്ടറുകള്‍ തുറക്കുമെന്നും ജൂലൈ മാസം മുതല്‍ പദ്ധതി ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി വീണാജോര്‍ജ് വ്യക്തമാക്കി. ക്യാന്‍സര്‍ പരിചരണത്തിനും ചികിത്സക്കും സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തില്‍ ആശങ്കാജനകമാം വിധം ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നാണ് ‘സ്റ്റേറ്റ് ഇക്കോണമിക് റിവ്യൂ-2024’ പോലുള്ള പഠനങ്ങള്‍ കാണിക്കുന്നത്. ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തില്‍ രോഗികളുടെ എണ്ണം. സംസ്ഥാനത്ത് ഒരു പ്രധാന സാംക്രമികേതര രോഗമായി ക്യാന്‍സര്‍ മാറിക്കഴിഞ്ഞെന്നും ദേശീയ ശരാശരിയെ അപേക്ഷിച്ച് സംസ്ഥാനത്ത് പുരുഷന്മാരിലെ ക്യാന്‍സര്‍ മരണ നിരക്ക് വളരെ ഉയര്‍ന്നതാണെന്നും 2024 ഫെബ്രുവരിയില്‍ തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്റര്‍ (ആര്‍ സി സി) പ്രസിദ്ധീകരിച്ച അവലോകന റിപോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തെ മൂന്ന് പ്രധാന ക്യാന്‍സര്‍ സെന്ററുകളിലും മെഡിക്കല്‍ കോളജുകളിലുമായി പ്രതിദിനം നൂറുകണക്കിനു പേരാണ് ക്യാന്‍സര്‍ ചികിത്സ തേടിയെത്തുന്നത്. ആര്‍ദ്രം ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസ്സിനു മുകളിലുള്ള ഒന്നര കോടി പേരില്‍ പരിശോധന നടത്തിയപ്പോള്‍ ഒമ്പത് ലക്ഷം പേരെ ക്യാന്‍സര്‍ സ്‌ക്രീനിംഗിന് റഫര്‍ ചെയ്യുകയുണ്ടായി.

തിരുവനന്തപുരം ആര്‍ സി സിയില്‍ പുതിയ കേസുകളുടെ എണ്ണം 2020-21ല്‍ 11,191 ആയിരുന്നത് 2022-23ല്‍ 15,324 ആയി ഉയര്‍ന്നു. മൂന്ന് വര്‍ഷം കൊണ്ട് 36 ശതമാനം വര്‍ധന. ആര്‍ സി സിയില്‍ റിപോര്‍ട്ട് ചെയ്ത റിവ്യൂ കേസുകളുടെ എണ്ണം 2020-21ല്‍ 1,50,330 ആയിരുന്നെങ്കില്‍ 2022-23ല്‍ 2,42,129 ആയി ഉയര്‍ന്നു. മൂന്ന് വര്‍ഷം കൊണ്ട് 60 ശതമാനത്തിന്റെ വര്‍ധന. കണ്ണൂര്‍ മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ (എം സി സി) 2022-23ല്‍ 7,795ഉം കൊച്ചി ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററില്‍ 1,606ഉം പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു. ആര്‍ സി സിയിലെയും എം സി സിയിലെയും ജനസംഖ്യാടിസ്ഥാനത്തിലുള്ള ക്യാന്‍സര്‍രജിസ്ട്രി പ്രകാരം പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദവും സ്ത്രീകളില്‍ സ്തനാര്‍ബുദവുമാണ് കൂടുതലുള്ളത്. വടക്കന്‍ ജില്ലകളില്‍ തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് ആമാശയ ക്യാന്‍സര്‍ കൂടുതലാണ്. 2016ല്‍ സംസ്ഥാനത്തെ ക്യാന്‍സര്‍ രോഗികളുടെ നിരക്ക് ഒരു ലക്ഷം പേരില്‍ 135.3 ആയിരുന്നു. 2022ല്‍ 169 ആയി ഉയര്‍ന്നു.

വര്‍ധിച്ചു വരുന്ന ജീവിതശൈലീ മാറ്റങ്ങള്‍, അനാരോഗ്യകരമായ ഭക്ഷണ രീതികള്‍, മദ്യം-പുകയില ഉപയോഗം, ശാരീരിക അധ്വാനത്തിലെ കുറവ്, മാനസിക സമ്മര്‍ദങ്ങള്‍ തുടങ്ങിയവയാണ് ക്യാന്‍സര്‍ വ്യാപനത്തിന് കാരണമായി വിലയിരുത്തപ്പെടുന്നത്. വ്യവസായ ശാലകളില്‍ കെമിക്കല്‍, മെറ്റലുകള്‍, പൊടി എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരിലും ക്യാന്‍സര്‍ സാധ്യത കൂടുന്നു. ഇന്റര്‍നാഷനല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ റിപോര്‍ട്ടും ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി റിപോര്‍ട്ടും അനുസരിച്ച് വൈന്‍ ഉള്‍പ്പെടെ ആല്‍ക്കഹോള്‍ അംശമുള്ള എല്ലാ പാനീയങ്ങളും ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. സ്തനാര്‍ബുദം, ആമാശയ അര്‍ബുദം, വായിലെ അര്‍ബുദം തുടങ്ങി ഏഴ് ക്യാന്‍സറുകള്‍ക്ക് മദ്യപാനവുമായി അഭേദ്യ ബന്ധമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. എന്നാല്‍ പലരും ഇതേക്കുറിച്ച് ബോധവാന്മാരല്ലെന്നും ഇക്കാര്യത്തില്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് പഠനങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നും അമേരിക്കന്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അസ്സോസിയേറ്റഡ് ഡയറക്ടര്‍ വില്യം എം പി ക്ലീന്‍ പറയുന്നു. കൂടിയ തോതില്‍ ഉപയോഗിച്ചെങ്കിലേ മദ്യം അപകടകരിയാകൂ; കുറഞ്ഞ തോതില്‍ സേവിക്കുന്നതില്‍ കുഴപ്പമില്ലെന്നുമുള്ള ധാരണ നിലവിലുണ്ട്. ഇത് പരമാബദ്ധമാണെന്നും മദ്യപാനത്തിന് സുരക്ഷിതമായ അളവില്ലെന്നും ലോകാരോഗ്യ സംഘടനയുടെ ‘ദ ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത്’ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മദ്യപാനം പൂര്‍ണമായും നിര്‍ത്തുകയാണ് മദ്യം സൃഷ്ടിക്കുന്ന ക്യാന്‍സര്‍ ഇല്ലാതാക്കാനുള്ള മാര്‍ഗമെന്ന് മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. സതീഷന്‍ സുബ്രഹ്മണ്യന്‍ പറയുന്നു.

കേരളത്തിലെ ക്യാന്‍സര്‍ വ്യാപനത്തില്‍ മദ്യത്തിന് കാര്യമായ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗ്ലോബല്‍ അഡല്‍ട്ട് ടുബാക്കോ സര്‍വേ 2016 പ്രകാരം സംസ്ഥാനത്ത് പുകയില ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിലും മദ്യ ഉപയോഗ നിരക്ക് വന്‍തോതില്‍ കൂടിയിരിക്കുകയാണ്. സംസ്ഥാനത്ത് 44 ശതമാനം പേരും മദ്യം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. മദ്യവര്‍ജനമാണ് ലക്ഷ്യമെന്ന് അവകാശപ്പെടുകയും അതേസമയം മദ്യവിപണനത്തിനുള്ള സര്‍വ സാധ്യതകളും തുറന്നിടുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്റേത്. ഇത് വഞ്ചനാപരമാണ്. ക്യാന്‍സര്‍ പരിചരണത്തിനും ചികിത്സക്കും മുന്തിയ പരിഗണനയെന്ന സര്‍ക്കാര്‍ അവകാശവാദം ആത്മാര്‍ഥമെങ്കില്‍ മദ്യനയത്തില്‍ സമൂല മാറ്റം വരുത്തുകയും മദ്യലഭ്യത പരമാവധി കുറച്ചു കൊണ്ടുവരികയും ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്ത് മദ്യം ഒഴുക്കി ക്യാന്‍സര്‍ രോഗികളെ സൃഷ്ടിച്ച ശേഷം ചികിത്സിക്കുകയല്ല, മദ്യലഭ്യത തീരെ ഇല്ലാതാക്കി രോഗം വരാതെ സൂക്ഷിക്കുകയാണ് ഉത്തരവാദപ്പെട്ടവര്‍ ചെയ്യേണ്ടത്.

 

Latest