Kerala
ഭരണകൂടം നടപ്പാക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയം;ഇത് ജനാധിപത്യത്തിനായി നിലകൊള്ളേണ്ട സമയം: പ്രിയങ്ക ഗാന്ധി
വയനാടിന്റെ ജനപ്രതിനിധി എന്ന നിലയില്‍ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താന്‍ മാറുമെന്നും പ്രിയങ്ക
കല്‍പ്പറ്റ | പോരാട്ട ചരിത്രമുള്ളവരാണ് വയനാട്ടിലെ ജനങ്ങളെന്ന് വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. തുല്യത, സാമൂഹ്യ നീതി എന്നിവയില്‍ മുന്നില്‍ മനോഹര ഭൂമിയാണ് വയനാട്. വയനാടിന്റെ ജനപ്രതിനിധി എന്ന നിലയില്‍ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താന്‍ മാറുമെന്നും പ്രിയങ്ക പറഞ്ഞു. മീനങ്ങാടിയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
വെറുപ്പിന്റെ രാഷ്ട്രീയമാണ് ഈ ഭരണകൂടം നടപ്പാക്കുന്നത്. മണിപ്പൂരില്‍ ഉള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നു. പ്രധാന മന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കനാണ് ഓരോ നയങ്ങളും. കര്‍ഷകരോട് അനുതാപം ഇല്ലാത്ത ഈ സര്‍ക്കാര്‍ ആദിവാസി ഭൂമിപോലും സമ്പന്നര്‍ക്ക് കൈമാറുന്നു. കായിക മേഖലയ്ക്ക് കൂടുതല്‍ സൗകര്യം വയനാട്ടില്‍ ഒരുങ്ങണം. ജലസേചന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം. ആദിവാസികള്‍ക്ക് ആരോഗ്യം മെച്ചപ്പെടാന്‍ സൗകര്യം വേണം. വയനാട്ടിനു മെഡിക്കല്‍ കോളജ് എന്നതിനായി എന്റെ സഹോദരന്‍ കുറേ കഷ്ടപ്പെട്ടു. അതുപോലെ ഞാനും തുടരും.
മനുഷ്യ മൃഗ സംഘര്‍ഷം ഇല്ലാതാക്കാനും രാത്രിയാത്ര പ്രശ്‌നം പരിഹരിക്കാനും ആവശ്യങ്ങള്‍ ഉണ്ട്. വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ എല്ലാം ഞാന്‍ മനസിലാക്കുന്നു. എല്ലാവരും കുറ്റം പറഞ്ഞപ്പോള്‍ വയനാട് രാഹുലിനെ ചേര്‍ത്തുപിടിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ധൈര്യം നല്‍കിയത് വയനാട്ടിലെ ജനതയാണ്. വയനാട്ടുകാരെ സ്വന്തം കുടുംബം ആയാണ് രാഹുല്‍ കാണുന്നത്. എപ്പോഴെങ്കിലും ജനാധിപത്യത്തിന് വേണ്ടി നില്‍ക്കേണ്ട സമയം ഉണ്ടെങ്കില്‍ അത് ഇപ്പോഴാണ്. വയനാട്ടില്‍ നിന്ന് എത്ര ലക്ഷത്തിനു ജയിക്കും എന്നല്ല, നിങ്ങള്‍ ജനാധിപത്യത്തിന്, രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യുക എന്നതാണ് പ്രധാനമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.