Kerala
എയ്ഡഡ് സ്‌കൂളുകളില്‍ 56 വയസുവരെയുള്ളവര്‍ക്കും ദിവസ വേതന അടിസ്ഥാനത്തില്‍ അധ്യാപകരാകാം; സര്‍ക്കാര്‍ ഉത്തരവിറക്കി
മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് അനുകൂല നടപടി
തിരുവനന്തപുരം | സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ ഇനി 56 വയസ്സിനുള്ളിലുള്ളവര്‍ക്കും അധ്യാപകരായി ജോലി ചെയ്യാനാകും. ദിവസ വേതനാടിസ്ഥാനത്തില്‍ ഈ പ്രായപരിധിയിലുള്ളവരേയും അധ്യാപകരായി നിയമിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് അനുകൂല നടപടി. 43 വയസ്സ് കഴിഞ്ഞതിന്റെ പേരില്‍ അധ്യാപക നിയമനം നിഷേധിക്കപ്പെട്ട ആറ് പേര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചതിന് പിറകെയാണ് ഈ പ്രായപരിധിയിലുള്ളവര്‍ക്കും ജോലിയില്‍ പ്രവേശിക്കാന്‍ സാധ്യമാകുന്നത്
പ്രായപരിധി മുന്‍നിര്‍ത്തിയുള്ള വിവേചനം പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇളവ് അനുവദിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. തുടര്‍ന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ചു പരാതിക്കാര്‍ക്ക് അനുകൂലമായി ഉത്തരവിറക്കുകയായിരുന്നു.
ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവരെ ആവശ്യമെങ്കില്‍ അക്കാദമിക് വര്‍ഷത്തിലെ അവസാന പ്രവൃത്തി ദിവസം വരെയും തുടരാന്‍ അനുവദിക്കാവുന്നതാണെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തിരൂര്‍ സ്വദേശി കെ സനല്‍കുമാറിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷന്‍ തീര്‍പ്പാക്കി