Connect with us

mathew kuzhalnadan

സര്‍ക്കാര്‍ ഭൂമികൈയ്യേറ്റം: കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരെ കേസ് എടുത്തു

മാത്യു കുഴല്‍നാടന്റെ കൈവശം ചിന്നക്കനാലില്‍ 50 സെന്റ് അധിക ഭൂമിയുണ്ടെന്നാണു വിജിലന്‍സ് കണ്ടെത്തല്‍

Published

|

Last Updated

ഇടുക്കി | സര്‍ക്കാര്‍ ഭൂമികൈയ്യേറിയതിന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെതിരെ റവന്യു വകുപ്പ് കേസ് എടുത്തു. ഹിയറിങ്ങിന് ഹാജരാകാന്‍ മാത്യുവിന് നോട്ടീസ് നല്‍കി. ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍ അധിക ഭൂമി കൈവശം വച്ചതിനാണ് ഭൂസംരക്ഷണ നിയമ പ്രകരം കേസെടുത്തത്.

2021 ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കര്‍ ഇരുപത്തിമൂന്ന് സെന്റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴല്‍നാടന്റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരില്‍ വാങ്ങിയത്. മുഖ്യമന്ത്രിക്കെതിരെ ശബ്ദിച്ചതിന്റെ പേരില്‍ പ്രതികാരമായി വേട്ടയാടലാണെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ വാദം. വിജിലന്‍സ് ഭൂമി അളക്കാന്‍ തയ്യാറായതോടെയാണ് കൈയ്യേറ്റം തെളിഞ്ഞത്.

മാത്യു കുഴല്‍നാടന്റെ കൈവശം ചിന്നക്കനാലില്‍ 50 സെന്റ് അധിക ഭൂമിയുണ്ടെന്നാണു വിജിലന്‍സ് കണ്ടെത്തല്‍. ഇത് കഴിഞ്ഞ ദിവസം അന്വേഷണത്തിനു ശേഷം റവന്യൂ വകുപ്പും ശരി വെച്ചു. ഇത് സംബന്ധിച്ച് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി. ചിന്നക്കനാലില്‍ മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിരിക്കുന്ന ഭൂമിയില്‍ ആധാരത്തിലുള്ളതിനേക്കാള്‍ 50 സെന്റ് അധികമുണ്ടെന്നാണ് കണ്ടെത്തല്‍. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി വിജിലന്‍സ് സര്‍വേ വിഭാഗത്തിന്റെ സഹായത്തോടെ സ്ഥലം അളന്നിരുന്നു. ഈ സര്‍വേയിലാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്. മൂന്ന് ആധാരങ്ങളിലായി ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്.

ആധാരത്തില്‍ വില കുറച്ചു കാണിച്ച് ഭൂമി രജിസ്‌ട്രേഷന്‍ നടത്തിയെന്ന സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നാണ് മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമി ഇടപാടിന്റെ കഥകള്‍ പുറത്തുവന്നത്.

 

Latest