Kerala
സമരത്തില്‍ കണ്ണുതുറന്ന് സര്‍ക്കാര്‍; ആശാ വര്‍ക്കര്‍മാരുടെ വേതന കുടിശ്ശിക നാളെ മുതല്‍ വിതരണം ചെയ്യും
രണ്ടുമാസത്തെ കുടിശ്ശികയാണ് വിതരണം ചെയ്യുക. 42.85 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

തിരുവനന്തപുരം | ആശാ വര്‍ക്കര്‍മാരുടെ സമരത്തിനു മുമ്പില്‍ കണ്ണുതുറന്ന് സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരുടെ വേതന കുടിശ്ശിക നാളെ മുതല്‍ വിതരണം ചെയ്യും. രണ്ടുമാസത്തെ കുടിശ്ശികയാണ് വിതരണം ചെയ്യുക. 42.85 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറിലേറെ വനിതകളാണ് കേരള ആശാ വര്‍ക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്തത്. പത്തും പന്ത്രണ്ടും മണിക്കൂര്‍ നീളുന്ന ജോലിക്ക് വര്‍ഷങ്ങളായി കിട്ടുന്നത് പ്രതിമാസം 7000 രൂപ മാത്രമാണെന്നും അതുതന്നെ മൂന്ന് മാസമായി കുടിശ്ശികയാണെന്നും സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.
കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ നിന്നുമുള്ള ആശാ വര്‍ക്കര്‍മാര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബജറ്റില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 7,500 ആക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും പ്രാവര്‍ത്തികമായിരുന്നില്ല.