Kudumbasree
സർക്കാർ ഉത്തരവിറങ്ങി; കുടുംബശ്രീയിൽ തിരഞ്ഞെടുപ്പ് കാലം
തിരഞ്ഞെടുപ്പിന്റെ മേൽനോട്ട ചുമതല ജില്ലാ കലക്ടർമാർക്ക്
നിലമ്പൂർ | കൊവിഡ് പശ്ചാത്തലത്തിൽ നീണ്ടുപോയ കുടുംബശ്രീ തിരഞ്ഞെടുപ്പ് നടത്താൻ സർക്കാർ ഉത്തരവായി. അടുത്ത വർഷം ജനുവരി അവസാനത്തോടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിച്ച് ഭരണസമിതി നിലവിൽ വരും. കുടുംബശ്രീ ഭരണ സമിതികളുടെ കാലാവധി കഴിഞ്ഞ ജനുവരി 25ന് അവസാനിച്ചിരുന്നു.
കൊവിഡ് വ്യാപനവും ലോക്ഡൗണും കാരണം കുടുംബശ്രീയുടെ കാലാവധി ജൂലായ് 31 വരെ സംഘടനാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കി പുതിയ ഭരണ സമിതികൾ ചുമതലയേൽക്കുന്നതുവരെ ദീർഘിപ്പിക്കുകയായിരുന്നു. കൊവിഡ് ഭീതിയൊഴിയുകയും നിയന്ത്രണങ്ങൾ കുറയുകയും ചെയ്തതോടെയാണ് തിരഞ്ഞെടുപ്പിന് സർക്കാർ ഉത്തരവായത്. ജില്ലാ കലക്ടർമാർക്കാണ് തിരഞ്ഞെടുപ്പിന്റെ മേൽനോട്ട ചുമതല. കുടുംബശ്രീ ജില്ലാ തിരഞ്ഞെടുപ്പ് ഉേദ്യാഗസ്ഥനായി കലക്്ടറെ ഡിസംബർ നാലിനകം നിയമിക്കും. ഏഴിനകം സി ഡി എസ് വരണാധികാരികളെയും സഹ വരണാധികാരികളെയും നിയമിക്കും. ഡിസംബർ 20നകം തിരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടർ പട്ടിക പ്രസിദ്ധീകരിക്കലും നടത്തും. ഡിസംബർ 22നും 26നുമിടയിൽ അയൽക്കൂട്ടം അധ്യക്ഷയെ തിരഞ്ഞെടുക്കും.
2022 ജനുവരി 16 മുതൽ 21 വരെ എ ഡി എസ് തിരഞ്ഞെടുപ്പും 2022 ജനുവരി 25ന് സി ഡി എസ് തിരഞ്ഞെടുപ്പും നടത്തി 26ന് പുതിയ ഭരണ സമിതി അധികാരത്തിൽ വരും. 2020-21 വർഷം വരെയുള്ള ഓഡിറ്റിംഗ് പൂർത്തീകരിച്ച അയൽക്കൂട്ടങ്ങൾക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയൂ.
എന്നാൽ പുതിയതായി രൂപവത്കരിച്ച അയൽക്കൂട്ടങ്ങൾക്ക് ഓഡിറ്റിംഗ് നിർബന്ധമല്ല. സംസ്ഥാനത്തെ ആകെ സി ഡി എസുകളിലെ അധ്യക്ഷ സ്ഥാനങ്ങളിൽ 15 ശതമാനം പട്ടികജാതിക്കാർക്കായും അഞ്ച് ശതമാനം പട്ടികവർഗക്കാർക്കായും സംവരണം ചെയ്തിട്ടുണ്ട്.