Connect with us

tanur custody death

കസ്റ്റഡി മരണമോ മര്‍ദ്ദനമോ സംഭവിച്ചാല്‍ കര്‍ശന നടപടി എന്നതാണു സര്‍ക്കാര്‍ നയം: മുഖ്യമന്തി

പോലീസിന് ആരെയും തല്ലിക്കൊല്ലാന്‍ അവകാശമില്ല

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കസ്റ്റഡി മരണമോ മര്‍ദ്ദനമോ സംഭവിച്ചാല്‍ അത്തരം കാര്യങ്ങള്‍ കര്‍ശന നടപടി എന്നതാണു സര്‍ക്കാര്‍ നയമെന്നു മുഖ്യമന്തി പിണറായി വിജയന്‍ പറഞ്ഞു.
താനൂര്‍ കസ്റ്റഡി മരണത്തില്‍ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പോലീസിന് ആരെയും തല്ലിക്കൊല്ലാന്‍ അവകാശമില്ല.
ഇത്തരം കേസുകള്‍ സി ബി ഐക്കു വിടുമെന്നു നേരത്തെ പ്രഖ്യാപിച്ചതാണ്. കേസ് അന്വേഷിക്കുന്നതു തെളിവുകള്‍ കണ്ടെത്താനാണ്. സസ്‌പെന്റ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ ആരെങ്കിലും സംരക്ഷിക്കുന്നുണ്ടോ എന്നും പരിശോധിക്കും. കുറ്റവാളികള്‍ക്ക് ഏറ്റവും അര്‍ഹമായ ശിക്ഷ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാവണം.
അന്വേഷണത്തിന് എല്ലാ സഹകരണവും പിന്തുണയും സര്‍ക്കാര്‍ നല്‍കും.നമ്മുടെ സംസ്ഥാനത്ത് ഏറ്റവും വലിയ പ്രത്യേകത ആളുകളെ കൊലപ്പെടുത്തുന്ന സംഘമായി പോലീസ് മാറിയിട്ടില്ല എന്നതാണ്. രാജ്യത്തെ പലഭാഗത്തും കേള്‍ക്കുന്ന വാര്‍ത്തകള്‍ ആര്‍ക്കും സ്വസ്ഥത തരുന്നതല്ല. എന്‍കൗണ്ടറുകളില്‍ വെടിവെച്ചുകൊല്ലുന്ന സംഭവങ്ങള്‍ വ്യാപകമായി നടക്കുന്നു. പ്രതിപക്ഷ കക്ഷി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇതാണ് അവസ്ഥ. കേരളത്തില്‍ വെടിവെപ്പുണ്ടാക്കാന്‍ ശ്രമിച്ചിട്ടു പോലും സംയമനത്തോടെ പെരുമാറുന്ന പോലീസ് സേനയാണു ള്ളതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

അതേ സമയം, താനൂര്‍ കസ്റ്റഡി മരണം സിബിഐക്ക് വിട്ടതില്‍ പ്രതീക്ഷയുണ്ടെന്നു താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി. സി ബി ഐ അന്വേഷണത്തില്‍ സത്യം തെളിയുമെന്ന് കരുതുന്നു.
ഇന്നലെ രാത്രിയാണ് താമിര്‍ ജിഫ്രിയുടെ മരണം സി ബി ഐക്ക് വിട്ടു സര്‍ക്കാര്‍ ഉത്തരവുണ്ടായത്. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. പോലീസിനെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണമായിരുന്നു കുടുംബം ആവശ്യപ്പെട്ടത്. അത് അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം.
സത്യം പുറത്തറിയും വരെ വരെ കേസിന്റെ പിന്നാലെ ഉണ്ടാകുമെന്നും ഹാരിസ് പറഞ്ഞു.
കഴിഞ്ഞ ചൊവ്വ പുലര്‍ച്ചെയാണ് താമിര്‍ ജിഫ്രി പോലീസ് കസ്റ്റഡിയില്‍ മരിച്ചത്. എട്ട് പോലീസുകാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. മരിച്ച താമിറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ 21 മുറിവുകളാണ് ഉള്ളത്. ഇടുപ്പ്, കാല്‍പാദം, കണംകാല്‍ എന്നിവിടങ്ങളില്‍ പുറം ഭാഗം തുടങ്ങിയ ഇടങ്ങളിലാണ് പാടുകള്‍. മൂര്‍ച്ചയില്ലാത്തതും ലത്തി പോലുമുള്ള വസ്തുക്കള്‍ കൊണ്ടാണ് മര്‍ദ്ദനമേറ്റത്. ആമാശയത്തില്‍ നിന്നും രണ്ട് പാക്കറ്റുകള്‍ കണ്ടെടുത്തു. ഇതില്‍ ഒന്ന് പൊട്ടിയ നിലയിലാണ്. അമിത അളവില്‍ ലഹരി വസ്തു ശരീരത്തില്‍ എത്തിയതും കസ്റ്റഡിയിലെ മര്‍ദ്ദനവും മരണ കാരണമായെന്നാണു പോസ്റ്റ്‌മോട്ടം റിപ്പോര്‍ട്ടിലുളളത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെയാണ് സാരമായി ബാധിച്ചത്.

മരിച്ച് 12 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചത്. അത്രയും സമയം ഫ്രീസറില്‍ മൃതദേഹം സൂക്ഷിക്കാത്തത് രാസ പരിശോധനയെ ബാധിക്കുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. താമിര്‍ ഉള്‍പ്പെടെ അഞ്ചു പേരെ എം ഡി എം എയുമായി കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ താനൂര്‍ ദേവദാര്‍ പാലത്തില്‍ നിന്നു കസ്റ്റഡിയിലെടുത്തുവെന്നാണു പോലീസ് എഫ് ഐ ആറില്‍ പറയുന്നതെങ്കിലും തിങ്കളാഴ്ച വൈകിട്ട് ചേളാരിയില്‍ നിന്നു കസ്റ്റഡിയിലെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. താനൂര്‍ പോലീസ് സ്റ്റേഷന്‍ ചേളാരി എന്നിവിടങ്ങളില്‍ നിന്നുള്ള നിര്‍ണായകമായ സി സി ടി വി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

 

 

Latest